

ലോകത്തെ ശതകോടീശ്വരന്മാരുമായും രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്ന അമേരിക്കന്‍ സാമ്പത്തിക ഇടപാടുകാരനായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്. 2019ല്‍ ജയിലില്‍ വെച്ച് ഇയാള്‍ മരിച്ചു. എപ്സ്റ്റീന്‍ കേസില്‍ അമേരിക്കയിലെ പ്രമുഖ ബാങ്കുകള്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഇത്തരമൊരു കേസില്‍ ബാങ്കുകള്‍ എങ്ങനെ ഉള്‍പ്പെട്ടു?

നിയമങ്ങള്‍ കാറ്റില്‍ പറത്തി ബാങ്കുകള്‍
സാധാരണക്കാരായ നമ്മള്‍ ബാങ്കില്‍ പോകുമ്പോള്‍ അവര്‍ കെവൈസി അടക്കമുള്ള വലിയ സുരക്ഷാ പരിശോധനകള്‍ നടത്താറുണ്ട്. എന്നാല്‍ എപ്സ്റ്റീനെപ്പോലെയുള്ള അതിസമ്പന്നര്‍ കോടികള്‍ നിക്ഷേപിക്കുമ്പോള്‍, ആ പണം എവിടെ നിന്ന് വരുന്നെന്നോ അത് എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്നോ ബാങ്കുകള്‍ വേണ്ടത്ര പരിശോധിച്ചില്ല. ലാഭത്തിന് വേണ്ടി ബാങ്കുകള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി എന്നതാണ് ഇതിലെ പ്രധാന രഹസ്യം. എപ്സ്റ്റീന്റെ കാര്യത്തില്‍ പ്രമുഖ ബാങ്കുകള്‍ കണ്ണടച്ചു.
അമേരിക്കയിലെ നിയമപ്രകാരം, ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരുടെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. എപ്സ്റ്റീന്‍ തന്റെ അക്കൗണ്ടുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയും, അത് പല പെണ്‍കുട്ടികള്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇത് സംശയാസ്പദമായ ഇടപാടാണെന്ന് ബാങ്കിലെ ഉദ്യോഗസ്ഥര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടും, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ലാഭം മാത്രം നോക്കി അത് തുടരാന്‍ അനുവദിച്ചു.
എപ്സ്റ്റീന്‍ ഒരു സെക്‌സ് ട്രാഫിക്കിങ് ശൃംഖലയാണ് നടത്തിയിരുന്നത്. ഈ ശൃംഖല പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പണം കൈമാറാനും, വിദേശങ്ങളിലേക്ക് പണം അയക്കാനും ബാങ്കുകള്‍ സഹായിച്ചു എന്നതാണ് ഇരകളുടെ പ്രധാന പരാതി. ബാങ്ക് സഹകരിച്ചില്ലായിരുന്നെങ്കില്‍ ഇത്രയും കാലം ഈ കുറ്റകൃത്യം തുടരാന്‍ എപ്സ്റ്റീന് സാധിക്കില്ലായിരുന്നവെന്ന് കോടതി നിരീക്ഷിച്ചു.
ജെപി മോര്‍ഗന്‍ ചെസ്
15 വര്‍ഷത്തോളം എപ്സ്റ്റീന്‍ ഈ ബാങ്കിലെ ഇടപാടുകാരനായിരുന്നു. ഇയാളുടെ ഇടപാടുകളില്‍ സംശയമുണ്ടെന്ന് ബാങ്കിലെ ഉദ്യോഗസ്ഥന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും വമ്പന്‍ ലാഭം പ്രതീക്ഷിച്ച് ബാങ്ക് അത് മറച്ചുവെച്ചു.
ഡൊയിച്ചേ ബാങ്ക്
ജെപി മോര്‍ഗന്‍ എപ്സ്റ്റീനെ കൈവിട്ടപ്പോള്‍ ഡൊയിച്ചേ ബാങ്ക് ഇയാളെ സ്വീകരിച്ചു. ഇയാളുടെ സംശയാസ്പദമായ പണമിടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാത്തതിന് ഈ ബാങ്കിന് ഏകദേശം 1200 കോടി രൂപ പിഴ അടയ്‌ക്കേണ്ടി വന്നു.

പരിശോധന ശക്തമാക്കി
ഈ കേസ് പുറത്തുവന്നതോടെ അമേരിക്കന്‍ ബാങ്കിങ് ലോകത്ത് വലിയ മാറ്റങ്ങളുണ്ടായി. ഇരകള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ബാങ്കുകള്‍ക്ക് ഏകദേശം 3000 കോടിരൂപ നല്‍കേണ്ടിവന്നു. സാധാരണക്കാരന് ഒരു നിയമവും അതിസമ്പന്നര്‍ക്ക് മറ്റൊരു നിയമവും ഉണ്ടെന്ന് ഈ കേസോടെ ലോകം തിരിച്ചറിഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും കോടീശ്വരന്മാരുടെയും പണമിടപാടുകള്‍ ഇനിമുതല്‍ ബാങ്കുകള്‍ കൂടുതല്‍ കര്‍ശനമായി പരിശോധിക്കണമെന്ന് നിയമം വന്നു.
ഇരകള്‍ക്ക് നഷ്ടപരിഹാരം
ബാങ്കുകള്‍ ലാഭം മാത്രം നോക്കി ക്രിമിനലുകള്‍ക്ക് പണം കൈമാറാന്‍ സൗകര്യം ചെയ്തുകൊടുത്തതാണ് വലിയ അഴിമതിക്ക് കാരണമായത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ല എന്ന അവസ്ഥയാണ് കേസ് തുറന്നുകാട്ടിയത്. കെവൈസി നിയമങ്ങള്‍ ചിലര്‍ക്ക് മാത്രം ബാധകമല്ല എന്ന ബാങ്കുകളുടെ ഇരട്ടത്താപ്പ് തന്നെയാണ് അവരെയും എപ്സ്റ്റീന്‍ കേസില്‍ കുഴിയില്‍ ചാടിച്ചത്. ബാങ്ക് ഓഫ് അമേരിക്ക, ജെപി മോര്‍ഗന്‍, ഡൊയിച്ചേ ബാങ്ക് എന്നിവര്‍ പണം നല്‍കുന്നുണ്ടെങ്കിലും, തങ്ങള്‍ നേരിട്ട് കുറ്റം ചെയ്‌തെന്ന് ഇന്നും അവര്‍ സമ്മതിച്ചിട്ടില്ല. കേസ് അവസാനിപ്പിക്കാന്‍ അവര്‍ കണ്ടെത്തിയ ഒരു വഴിയാണിത്.
കേസ് കോടതിയില്‍ വിചാരണയ്ക്ക് പോയാല്‍ ബാങ്കിന്റെ രഹസ്യ രേഖകളും ഇമെയിലുകളും പുറത്തുവരും. ഇത് ബാങ്കിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കും. അതുകൊണ്ട്, തെറ്റ് സമ്മതിക്കാതെ തന്നെ ഒത്തുതീര്‍പ്പ് വഴി പണം നല്‍കി കേസ് അവസാനിപ്പിക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. അമേരിക്കയിലെ ബാങ്ക് സീക്രസി ആക്ട് പ്രകാരം കള്ളപ്പണം വെളുപ്പിക്കലോ മനുഷ്യക്കടത്തോ സംശയിക്കുന്ന ഇടപാടുകള്‍ കണ്ടാല്‍ ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിക്കണം. എപ്സ്റ്റീന്‍ കേസിലാവട്ടെ, ബാങ്കുകള്‍ വര്‍ഷങ്ങളോളം ഇത് ഒളിച്ചുവെച്ചു. ഈ നിയമലംഘനത്തിന് വലിയ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് അവര്‍ ഇരകള്‍ക്ക് പണം നല്‍കാന്‍ തയ്യാറായത്.
Content Highlights: How Jeffrey Epstein moved money through banks