Top

'പ്രണയിക്കും മുൻപ് ബാങ്ക് ബാലൻസ് നോക്കുന്ന വ്യക്തിയല്ല'; സുസ്മിത സെന്നിന് നേരെ ഉയരുന്ന ട്രോളുകളിൽ മുൻകാമുകൻ വിക്രം ഭട്ട്

'ചിലരുടെ വേദനകൾ മറ്റു ചിലർക്ക് വിനോദമാണ്'

18 July 2022 3:37 PM GMT
ഫിൽമി റിപ്പോർട്ടർ

പ്രണയിക്കും മുൻപ് ബാങ്ക് ബാലൻസ് നോക്കുന്ന വ്യക്തിയല്ല; സുസ്മിത സെന്നിന് നേരെ ഉയരുന്ന ട്രോളുകളിൽ മുൻകാമുകൻ വിക്രം ഭട്ട്
X

സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് ലളിത് മോദി പ്രഖ്യാപിച്ചതിന് പിന്നാലെ നടിക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകൾ ഉയർന്നിരുന്നു. പണം നോക്കിയാണ് നടി ലളിത് മോദിയുമായി ഡേറ്റ് ചെയ്യുന്നത് എന്ന് പലരും വിമർശനം ഉന്നയിച്ചു. 'ഗോൾഡ് ഡിഗ്ഗർ' എന്ന് ചിലർ നടിയെ ആക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ അത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടിയുടെ മുൻകാമുകനും നിർമ്മാതാവുമായ വിക്രം ഭട്ട്.

'സുസ്‌മിത പണം തേടിയല്ല മറിച്ച് സ്നേഹം തേടി പോകുന്നയാളാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ തമാശ കണ്ടെത്തുക എന്നത് ചിലർക്ക് ഒരു വിനോദമാണ്. ചിലരുടെ വേദനകൾ മറ്റു ചിലർക്ക് വിനോദമാണ്. കരീന കപൂർ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചപ്പോൾ അവർക്ക് നേരെയും ട്രോളുകൾ ഉയർന്നിരുന്നു. നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ, നിങ്ങളുടെ തീരുമാനങ്ങൾ ചിലർക്ക് തമാശയായി തോന്നുകയാണെങ്കിൽ, അവർ ട്രോളാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു' വിക്രം ഭട്ട് പറഞ്ഞു.

സുസ്മിത സെൻ ഒരിക്കലും പ്രണയത്തിലാകും മുന്നേ ബാങ്ക് ബാലൻസ് നോക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഗുലാം എന്ന സിനിമ ചെയ്യുമ്പോൾ എന്റെ കയ്യിൽ പണമില്ലായിരുന്നു. എന്നെ ആദ്യമായി യുഎസിലേക്ക് കൊണ്ടുപോയത് സുസ്മിതയാണ്, അവർ എന്റെ യാത്രയ്ക്ക് പണം നൽകിയത് ഞാൻ മറക്കില്ല. ഞങ്ങൾ ലോസ് ഏഞ്ചൽസിൽ എത്തിയപ്പോൾ ഒരു ലിമോസിൻ ഉണ്ടായിരുന്നു, ഞാൻ അത്ഭുതപ്പെട്ടു. യുഎസിലേക്കുള്ള എന്റെ വരവ് പ്രത്യേകതയുള്ളതാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് സുസ്മിത പറഞ്ഞു' അദ്ദേഹം ഓർക്കുന്നു.

അതേസമയം 'ഗോൾഡ് ഡിഗ്ഗർ' എന്ന പരാമർശത്തിൽ സുസ്മിത ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിട്ടുണ്ട്. 'ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തുക്കൾ എല്ലാവരും അവരുടെ മഹത്തായ അഭിപ്രായങ്ങളും എന്റെ ജീവിതത്തെയും സ്വഭാവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളും പങ്കുവെക്കുന്നത് കണ്ടു... 'ഗോൾഡ് ഡിഗ്ഗർ' എല്ലാ വഴികളിലൂടെയും പണം സമ്പാദിക്കുന്നു!!! അയ്യോ ഈ പ്രതിഭകൾ!!! ഞാൻ സ്വർണ്ണത്തേക്കാൾ കൂടുതൽ ആഴത്തിൽ കുഴിക്കുന്നു... ഞാൻ എപ്പോഴും വജ്രങ്ങളാണ് ഇഷ്ടപ്പെടുന്നത്. അത് ഞാൻ ഇപ്പോഴും സ്വയമേയാണ് വാങ്ങുന്നത്', എന്നാണ് സുസ്മിതയുടെ പ്രതികരണം.

story highlights: vikram bhatt comments on the trolls against susmitha sen on dating lalith modi

Next Story