Top

'ദി ആർച്ചീസ്' ഉടൻ; സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവരുടെ സ്പെഷ്യൽ ഗാനം ഒരുങ്ങുന്നു

'സിന്ദഗി നാ മിലേഗി ദോബാര' എന്ന ചിത്രത്തിലെ ''സെനോറിറ്റ'' ഗാനം കൊറിയോഗ്രാഫി ചെയ്ത ബോസ്‌കോയും സീസറും തന്നെയാണ് പുതിയ ഗാനത്തിലും നൃത്തസംവിധാനം ഒരുക്കുന്നത്

15 July 2022 1:35 AM GMT
ഫിൽമി റിപ്പോർട്ടർ

ദി ആർച്ചീസ് ഉടൻ; സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവരുടെ സ്പെഷ്യൽ ഗാനം ഒരുങ്ങുന്നു
X

സോയ അക്തർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദി ആർച്ചീസ്' അവസാന ഘട്ടത്തിലേക്ക്. ബോളിവുഡിലെ മുൻനിര താരങ്ങളുടെ മക്കൾ അണി നിരക്കുന്ന ചിത്രത്തിന്റെ സ്പെഷ്യൽ ഗാനമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ ചിത്രീകരണ ദൃശ്യങ്ങൾ ഈ അടുത്തു പുറത്തു വന്നിരുന്നു. സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവരാണ് സ്പെഷ്യൽ ഗാനത്തിൽ അഭിനയിക്കുന്നത്. സോയ അക്തറിന്റെ 'സിന്ദഗി നാ മിലേഗി ദോബാര' എന്ന ചിത്രത്തിലെ ''സെനോറിറ്റ'' ഗാനം കൊറിയോഗ്രാഫി ചെയ്ത ബോസ്‌കോയും സീസറും തന്നെയാണ് പുതിയ ഗാനത്തിലും നൃത്തസംവിധാനം ഒരുക്കുന്നത്.


സ്കൂൾ യൂണിഫോമിൽ മൂന്ന് താരങ്ങളും അവതരിപ്പിക്കുന്ന ഒരു ക്ലാസ് റൂം ഗാനമായിരിക്കും ഇത് എന്നാണ് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഗോരേഗാവിലെ സ്റ്റുഡിയോയിൽ വെച്ചായിരിക്കും ഗാനം ചിത്രീകരിക്കുക. ഗാനത്തിനായി റിഹേഴ്സൽ നടത്തുന്ന താരങ്ങളുടെ ചിത്രങ്ങളും ഇടൈംസ് പകർത്തിയിട്ടുണ്ട്. പഴയ അമേരിക്കൻ കോമിക്സ് ആയ 'ആർച്ചി'യുടെ ഇന്ത്യൻ പതിപ്പാണ് സോയ അക്തർ ഒരുക്കുന്നത്. ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു.

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, നിർമാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അഗസ്ത്യ നന്ദ, മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദംഗ് റെയ്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചീ കോമിക്സ് പരമ്പര ലോകപ്രശസ്ത പരമ്പരകളിൽ ഒന്നാണ്. കഴിഞ്ഞ വർഷമാണ് സോയാ അക്തർ തന്റെ നെറ്റ്ഫ്ലിക്സ് ചിത്രം പ്രഖ്യാപിച്ചത്.

Story highlihgts: 'The Archies' soon; Suhana Khan, Khushi Kapoor and Agastya Nanda's special song started

Next Story