
ഇന്ത്യന് റെയില്വേയുടെ സ്വപ്ന പദ്ധതികളില് ഒന്നാണ് വന്ദേ ഭാരത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല് ദൂരം എത്തിപിടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വന്ദേഭാരതില് ഇതുവരെ സിറ്റിംഗ് സീറ്റുകള് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വന്ദേ ഭാരതിന്റെ സ്ലീപ്പര് പതിപ്പ് അവതരിപ്പിക്കാന് ഒരുങ്ങുകയാണ് റെയില്വേ. പുതിയ പതിപ്പ് സൗകര്യപ്രദമായ യാത്രയ്ക്ക് അനുയോജ്യമായിരിക്കുമെന്ന് അവകാശപ്പെടുന്നു.
ന്യൂഡല്ഹിയില് നടന്ന 16 -ാമത് അന്താരാഷട്ര റെയില്വേ എക്വിപ്പ്മെന്റ് എക്സിബിഷന് 2025 ല് വന്ദേ ഭാരതിന്റെ പുതിയ പതിപ്പിന്റെ മോഡല് പ്രദര്ശിപ്പിച്ചു. ഇന്തോ-റഷ്യന് സംയുക്ത സംരംഭമായ കൈനെറ്റ് റെയില്വേ സൊലൂഷ്യന്സാണ് മോഡല് അനാച്ഛാദനം ചെയ്തത്. യാത്രികര്ക്ക് അനുയോജ്യവും ആധുനികവുമായ രീതിയിലാണ് ട്രെയിന് ഡിസൈന് ചെയ്തിരിക്കുന്നത്. ജേര്ണി വിത്ത് എകെ എന്ന ഇന്സ്റ്റാഗ്രാം അക്കൗണ്ട് വഴി കോണ്ടന്റ് ക്രിയേറ്ററായ അക്ഷയ് മല്ഹോത്ര പുറത്ത് വിട്ട വീഡിയോയില് പുതിയ വന്ദേഭാരതിന്റെ ഉള്വശവും പ്രത്യേകതകളും വിവരിക്കുന്നു. വന്ദേഭാരത് സ്ലീപ്പര് പതിപ്പിന് ഉള്വശത്തെ അതിശയകരമെന്നാണ് അക്ഷയ് വിശേഷിപ്പിച്ചത്. 160 കിലോമീറ്റര് പ്രവര്ത്തന വേഗതയും 180 കിലോമീറ്റര് പരമാവധി വേഗതയുമുള്ള പ്രോട്ടോടൈപ്പാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ട്രെയിനില് എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്, എസി 3 ടയര് കമ്പാര്ട്ടുമെന്റുകള് ഉള്പ്പെടെ ആകെ 16 കോച്ചുകള് ഉണ്ടാകും.
ഇതില് ഫസ്റ്റ് ക്ലാസ് ക്യാബിന് പ്രീമിയം സൗകര്യങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സുഖപ്രദമായ സീറ്റുകള്, വാട്ടര് ബോട്ടിലുകള് വയ്ക്കാനുള്ള ഹോള്ഡറുകള്, റീഡിംഗ് ലൈറ്റുകള്, ചാര്ജിംഗ് പോയിന്റുകള് എന്നിവ ഇതിലുണ്ട്. ഇതു കൂടാതെ സ്ലീക്ക് ഡിസൈനില് വരുന്ന ട്രെയിന് സ്റ്റൈല്, ആഡംബരം, ടെക്നോളജി എന്നിവയുടെ സംയുക്തമാണ്. നിലവില് റൂട്ടുകള് അന്തിമമാക്കിയിട്ടില്ലായെങ്കിലും ഡല്ഹിക്കും പട്നയ്ക്കും ഇടയില് സര്വീസ് നടത്തുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല് കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎല് (ഭാരത് എര്ത്ത് മൂവേഴ്സ് ലിമിറ്റഡ്) ആണ് വന്ദേ ഭാരത് സ്ലീപ്പര് ട്രെയിന് നിര്മ്മിക്കുന്നത്.
പ്രവര്ത്തന സമയം
വന്ദേഭാരതിന്റെ ഏറ്റവും പുതിയ സ്ലീപ്പര് പതിപ്പ് നിലവിലെ റിപ്പോര്ട്ടുകള് പ്രകാരം രാത്രി 8 മണിക്ക് പട്നയില് നിന്ന് പുറപ്പെട്ട് രാവിലെ 7.30 യോടെ ഡല്ഹിയില് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2 മുതല് 3 മിനിറ്റ് വരെയാവും സ്റ്റോപ്പുകളില് നിര്ത്തുക. ഡല്ഹി, ജയ്പൂര് എന്നിവിടങ്ങളില് ചിലപ്പോള് കൂടുതല് സമയം നിര്ത്തിയിട്ടേക്കാം.
ടിക്കറ്റ് നിരക്ക്
രാജധാനി എക്സ്പ്രസിനെക്കാള് 10 മുതല് 15 ശതമാനം വരെ കൂടുതല് നിരക്കാണ് നിലവില് വന്ദേഭാരതിന് പ്രതീക്ഷിക്കുന്നത്.
മറ്റ് പ്രത്യേകതകള്
ഓട്ടോമാറ്റിക് വാതിലുകള്, സുഖപ്രദമായ സ്ലീപ്പിംഗ് ബെര്ത്തുകള്, വിമാനത്തിന് സമാനമായ ക്യാബിനുകള് വൈ-ഫൈ സേവനങ്ങള് എന്നിവ പുതിയ പതിപ്പിൽ പ്രതീക്ഷിക്കാം. ഏകദേശം 1128 യാത്രക്കാരെയോളം ട്രെയിനിന് വഹിക്കാന് കഴിയും. ഇനി സുരക്ഷ മുന്നിര്ത്തി ട്രെയിനുകളില് ക്രാഷ് ബഫറുകള്, ഡിഫോര്മേഷന് ട്യൂബുകള്, കോച്ചുകള്ക്കിടയില് തീ പ്രതിരോധിക്കുന്ന മതിലുകള് എന്നിവയുണ്ടാവും. സമഗ്രമായ ട്രയല് റണ്ണുകളില് വിജയിച്ചാലാവും പുതിയ പതിപ്പ് യാത്രക്കാരിലേക്ക് എത്തുക.
Content Highlights- Vande Bharat Sleeper version ready for premium experience; Know the ticket price and route