യുവരാജിന്റെ പിതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി പൃഥ്വി ഷാ

യോഗ് രാജ് സിങ്ങിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ശക്തമായ മുന്നറിയിപ്പുമായി പൃഥ്വി ഷാ രംഗത്തെത്തിയത്

യുവരാജിന്റെ പിതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി പൃഥ്വി ഷാ
യോഗ് രാജ് സിങ്, പൃഥ്വി ഷാ
dot image

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്രാജ് സിങ് തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ബാറ്റര്‍ പൃഥ്വി ഷാ. തന്റെ ഭൂതകാലത്തിലെ ജീവിതശൈലി രഹസ്യമല്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ സമ്മതിച്ച താരം, എന്നാല്‍ തന്റെ പേര് ഉപയോഗിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കാനോ, സല്‍പ്പേരിന് കളങ്കം വരുത്താനോ, പ്രശസ്തി നേടാനോ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. യോഗ്രാജിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഒരു വീഡിയോയും കുറിപ്പും ഷാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.

'സ്‌പോര്‍ട്‌സ് ലോഞ്ച്പാഡ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിനോദ് കാംബ്ലിയുടെ ജീവിതശൈലിയുമായി പൃഥ്വി ഷായെ യോഗ്രാജ് താരതമ്യം ചെയ്തത്. ഇത് ഷായുടെ കരിയറിനെ മോശമായി ബാധിച്ചുവെന്നും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമായെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

'എന്തുകൊണ്ടാണ് പൃഥ്വി ഷാ തകര്‍ന്നുപോയത്? ഇതിനുമുമ്പ് വിനോദ് കാംബ്ലിക്കും ഇത് തന്നെയാണ് സംഭവിച്ചത്. പാര്‍ട്ടികള്‍, സ്ത്രീലമ്പടത്തം, സിഗരറ്റ്, മദ്യപാനം എന്നിവയായിരുന്നു കാരണം. ഒരിക്കല്‍ ഞാന്‍ കാംബ്ലിയോട് ചോദിച്ചു, 'മോനേ, നീ എന്താണ് ഈ കാണിക്കുന്നത്? നിനക്ക് ഇത്രയധികം കഴിവുണ്ട്. നീ രാത്രി 2.30-നാണ് മുറിയിലേക്ക് വരുന്നത്.' അപ്പോള്‍ അവന്‍ പറഞ്ഞു, 'നിങ്ങളുടെ കാലമൊക്കെ കഴിഞ്ഞു, ഞങ്ങള്‍ ഇപ്പോള്‍ കളിക്കുന്നത് മറ്റൊരു തരം ക്രിക്കറ്റാണ്.' പിറ്റേന്ന് രാവിലെ കോര്‍ട്ണി വാല്‍ഷ് അവനെ ബൗള്‍ഡാക്കി, ഇന്ത്യ ആ മത്സരം തോറ്റു. അതോടെ അവന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി അവനെ ഉപേക്ഷിച്ചു, ആരും അവന് സിഗരറ്റോ മദ്യമോ നല്‍കാതായി. ഇത് തന്നെയാണ് ഷായ്ക്കും സംഭവിച്ചത്. നിങ്ങള്‍ പാര്‍ട്ടികള്‍ക്ക് പോവുകയും, മദ്യപിക്കുകയും, മോശം കൂട്ടുകെട്ടുകളില്‍ പെടുകയും ചെയ്താല്‍ ഇവര്‍ക്ക് സംഭവിച്ചത് തന്നെയാകും നിങ്ങളുടെയും വിധി' -യോഗ്രാജ് പറഞ്ഞു.

തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വെക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഷാ മറുപടി നല്‍കി. തന്റെ മൗനം ദൗര്‍ബല്യമായി കണക്കാക്കരുതെന്നും അദ്ദേഹം അവസാന മുന്നറിയിപ്പ് നല്‍കി. 'എന്റെ ഭൂതകാലം എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അതില്‍ എനിക്ക് ഒളിക്കാനോ ലജ്ജിക്കാനോ ഒന്നുമില്ല. എന്നിരുന്നാലും, നെഗറ്റിവിറ്റി പ്രചരിപ്പിക്കാനും, അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനും, എന്റെ സല്‍പ്പേരിന് കളങ്കം വരുത്താനും, എന്റെ ചെലവില്‍ പ്രശസ്തിയും ശ്രദ്ധയും നേടാനും മനഃപൂര്‍വ്വം എന്റെ പേരോ വ്യക്തിജീവിതമോ ഭൂതകാലമോ ഉപയോഗിക്കുന്നവരെ ഞാന്‍ വച്ചുപൊറുപ്പിക്കില്ല. അഭിപ്രായം പ്രകടിപ്പിക്കുന്നതും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ ഉപയോഗിച്ച് ഒരാളെ മനഃപൂര്‍വ്വം ലക്ഷ്യം വെക്കുന്നതും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. ഇതൊരു വ്യക്തമായ അവസാന മുന്നറിയിപ്പായി കണക്കാക്കുക: ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരു വ്യക്തിയും പ്ലാറ്റ്ഫോമും ഉചിതമായ നിയമനടപടി നേരിടേണ്ടി വരും' -ഷായുടെ കുറിപ്പില്‍ പറയുന്നു.

content highlights: Prithvi Shaw Launches Sharp Criticism Against Yuvraj Singh's Father Yograj Singh

dot image
To advertise here,contact us
dot image