

ബാഡ്മിന്റണ്‍ ലോകത്തെ വിസ്മയിപ്പിച്ച സ്പാനിഷ് ഇതിഹാസതാരം കരോളിന മാരിന് അന്താരാഷ്ട്ര ബാഡ്മിന്റണില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 32-ാം വയസ്സിലാണ് താരം തന്റെ ഐതിഹാസിക കരിയറിന് വിരാമമിട്ടത്. ഒരു തവണ ഒളിംപിക്സ് ചാമ്പ്യൻ, എട്ട് തവണ യൂറോപ്യൻ ചാമ്പ്യൻ, മൂന്ന് തവണ ലോക ചാമ്പ്യൻ, വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം എന്നിങ്ങനെ റെക്കോഡുകളും, ചാമ്പ്യൻഷിപ്പും വാരിക്കൂട്ടിയ മാരിന്റെ 15 വർഷം നീണ്ട ഐതിഹാസിക കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് ഈ വേദനാജനകമായ തീരുമാനമെടുത്തതെന്ന് കരോളിന ആരാധകരെ അറിയിച്ചു.
വൈകാരികമായ ഒരു വീഡിയോയിലൂടെയാണ് മാരിൻ തന്റെ വിരമിക്കൽ വാർത്ത ആരാധകരെ അറിയിച്ചത്. 'ബാഡ്മിന്റണ്‍ എനിക്ക് വെറുമൊരു കായിക വിനോദമായിരുന്നില്ല. മറിച്ച് അതൊരു വികാരം തന്നെയായിരുന്നു. കരിയറിലുടനീളം പിന്തുണച്ച ആരാധകര്‍ക്കും കുടുംബത്തിനും നന്ദി പറയുന്നു. കോര്‍ട്ടിലെ പോരാട്ടങ്ങള്‍ അവസാനിച്ചെങ്കിലും ബാഡ്മിന്റണ്‍ എന്നും എന്റെ ഹൃദയത്തിലുണ്ടാകും', മാരിന് വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബാഡ്മിന്റണ്‍ ലോകത്തിന്റെ നെറുകയിലെത്തിയ ചുരുക്കം ചില താരങ്ങളില്‍ പ്രമുഖയാണ് മാരിന്. 2016-ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയതോടെയാണ് മാരിന് ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ നേടിയത്. മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം (2014, 2015, 2018) നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള കരോലിന മാരിന് അതിവേഗമാണ് വനിതാ വിഭാഗത്തിലെ ഇതിഹാസ താരമായത്. ആറ് തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും താരം മുത്തമിട്ടു.
കരിയറിന്റെ ഉന്നതിയില്‍ നില്ക്കുമ്പോഴെല്ലാം ഗുരുതരമായ പരിക്കുകള്‍ മാരിനെ വേട്ടയാടിയിരുന്നു. രണ്ട് കാൽമുട്ടുകള്‍ക്കും ഉണ്ടായ എസിഎല് (ACL) പരിക്ക് മൂലം മാസങ്ങളോളം കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. പരിക്കു കാരണം 2020 ടോക്കിയോ ഒളിമ്പിക്സ് നഷ്ടമായെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന പാരിസ് ഒളിമ്പിക്സിലും പരിക്ക് വില്ലനായെത്തിയതോടെയാണ് വിരമിക്കല്‍ എന്ന കഠിനമായ തീരുമാനത്തിലേക്ക് താരം എത്തിയത്.
Content Highlights: Spanish Legend Carolina Marin announced retirement from badminton