

സ്പാനിഷ് സൂപ്പർ കപ്പിൽ ഇന്ന് എൽ ക്ലാസികോ ഫൈനൽ. കലാശപ്പോരാട്ടത്തിൽ എഫ്സി ബാഴ്സലോണയും റയല് മാഡ്രിഡും ഏറ്റുമുട്ടും. ജിദ്ദ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ പുലർച്ചെ 12:30 നാണ് കിക്കോഫ്.
ലാ ലിഗയിലെ നിലവിലെ ലീഗ് ലീഡറായ ബാഴ്സലോണ, സെമി ഫൈനലിൽ അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. മീഡിയൽ മെനിസ്കസ് പരിക്കിനെതുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാഴ്സയുടെ മിഡ്ഫീല്ഡ് താരം ഗാവിയും എസിഎൽ പരിക്ക് മൂലം പുറത്തായ പ്രതിരോധ താരം ആൻഡ്രിയാസ് ക്രിസ്റ്റൻസണും ഫൈനലിൽ കളിക്കില്ല. മികച്ച ഫോമിലുള്ള യുവതാരം ലാമിന് യമാല് ഇന്ന് ഇറങ്ങുന്നുണ്ട്. യമാലും എംബാപ്പെയും നേർക്കുനേർ വരുന്നു എന്നതുതന്നെയാണ് സൂപ്പർ ഫിനാലെയുടെ ഹൈലൈറ്റ്.
തുടര്ച്ചയായ നാലാം തവണയാണ് സൂപ്പര് കപ്പ് ഫൈനലില് ബാഴ്സലോണയും റയല് മാഡ്രിഡും ഏറ്റുമുട്ടുന്നത്. സ്പാനിഷ് ഫുട്ബോളിലെ വമ്പന് ശക്തികള് മറ്റാരുമല്ലെന്ന് ആര്ത്തിച്ച് തെളിയിക്കുന്നതാണ് റയലിന്റെയും ബാഴ്സയുടെയും തുടര്ച്ചയായ ഈ മുന്നേറ്റം. റെക്കോഡ് 16-ാം കിരീടമാണ് ബാഴ്സലോണ ലക്ഷ്യമിടുന്നതെങ്കില് കഴിഞ്ഞ സീസണിലെ പരാജയത്തിന് പ്രതികാരം ചെയ്യാന് റയല് മാഡ്രിഡ് ആഗ്രഹിക്കുന്നു.
നിലവിലെ സൂപ്പര് കപ്പ് ചാമ്പ്യന്മാരായ ബാഴ്സലോണ ഹാന്സി ഫ്ളിക്കിന്റെ നേതൃത്വത്തിലുള്ള ലാ ലിഗയില് ഒന്നാം സ്ഥാനവുമായാണ് ഫൈനലില് പ്രവേശിച്ചത്. സെമിഫൈനലില് 5-0 എന്ന മാര്ജിനില് ഉജ്വല വിജയം നേടി. ഏറ്റവും കൂടുതല് തവണ സൂപ്പര് കപ്പ് നേടിയതിന്റെ ലീഡ് 16ല് നിന്ന് വീണ്ടും ഉയര്ത്താന് അവര്ക്ക് കഴിയുമോയെന്ന് ജിദ്ദയിലെ ക്ലാസിക് പോരാട്ടത്തിലൂടെ അറിയാം.
Content Highlights: Barcelona vs Real Madrid, Spanish Super Cup Final Today