

വാഷിംഗ്ടണ്‍: യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലടക്കം ബോണ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് അതൃപ്തനായിരുന്നു എന്നാണ് വിവരം. ബോണ്ടിയെ പുറത്താക്കി പകരം പരിസ്ഥിതി സംരക്ഷണ ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ലീ സെല്‍ഡിനെ നിയമിക്കുന്നത് സംബന്ധിച്ച സാധ്യതയെക്കുറിച്ച് ട്രംപ് അധികൃതരുമായി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ട്രംപ് ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ആഗ്രഹിച്ചിരുന്ന വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ ബോണ്ടി കേസുകള്‍ വേഗത്തില്‍ നടത്തിക്കൊണ്ടുപോകുന്നില്ല എന്ന നിരാശ ട്രംപിനുണ്ടായിരുന്നു.
പാം ബോണ്ടിയെ വലിയ അമേരിക്കന്‍ ദേശഭക്തയും വിശ്വസ്ത സ്‌നേഹിതയുമെന്ന് വിശേഷിപ്പിച്ച ട്രംപ്, അവര്‍ സ്വകാര്യ മേഖലയിലെ ജോലിയിലേക്ക് മാറുമെന്ന് അറിയിക്കുകയായിരുന്നു. ട്രംപിന്റെ അഭിഭാഷകനായിരുന്ന ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെയ്ക്കായിരിക്കും താല്‍ക്കാലിക ചുമതലയെന്നും അദ്ദേഹം നിയമവകുപ്പിനെ നിയന്ത്രിക്കുമെന്നും ട്രംപ് അറിയിച്ചു. അടുത്തിടെ ട്രംപ് ഭരണകൂടത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് ബോണ്ടി. ക്യാബിനറ്റ് സെക്രട്ടറി ക്രിസ്റ്റി നോമിനെ നേരത്തെ പുറത്താക്കിയിരുന്നു.
Content Highlights: Donald Trump fires US Attorney General Pam Bondi over Epstein files handling