

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റന്മാരായ കപിൽ ദേവിനോടും എംഎസ് ധോണിയോടും പരസ്യമായി ക്ഷമ ചോദിച്ച് മുൻതാരം യുവരാജ് സിംഗ്. യുവിയുടെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ് ധോണിക്കും കപിൽ ദേവിനുമെതിരെ വർഷങ്ങളായി വിവാദ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിവരുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയെ ഏകദിന ലോക കിരീടത്തിലേക്ക് നയിച്ച രണ്ട് ക്യാപ്റ്റന്മാരോടും യുവരാജ് ക്ഷമ ചോദിച്ചത്.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് തന്റെ പിതാവിന്റെ പരാമർശങ്ങൾ ശരിയല്ലെന്ന് തുറന്നുപറഞ്ഞ യുവരാജ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്. 'എനിക്ക് കപിൽ ദേവിനോടും എംഎസ് ധോണിയോടും മാപ്പ് ചോദിക്കണം. അച്ഛൻ പറയുന്നത് ശരിയല്ലെന്ന് ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്', യുവരാജ് വ്യക്തമാക്കി.
യുവരാജ് സിംഗിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിംഗ് കാലങ്ങളായി ധോണിയെയും കപിൽ ദേവിനെയും കടന്നാക്രമിക്കാറുണ്ട്. യുവരാജിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും മനഃപൂർവ്വം ടീമിൽ നിന്ന് പുറത്താക്കിയെന്നുമാണ് യോഗ്രാജിന്റെ പ്രധാന ആരോപണം. യുവരാജ് വിരമിച്ചതിനു പിന്നാലെ താരത്തിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കാത്തതിൽ എംഎസ് ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ് രംഗത്തെത്തിയിരുന്നു.
പിതാവിന്റെ പ്രസ്താവനകൾ തന്നെ വേദനിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന്, താൻ വ്യക്തിപരമായി ഇതിൽ ഇടപെട്ടിട്ടുണ്ടെന്നായിരുന്നു യുവിയുടെ മറുപടി. അച്ഛന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള പ്രസ്താവനകൾ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുവി കൂട്ടിച്ചേർത്തു.
Content Highlights: 'Apologise To Dhoni, Kapil Dev': Yuvraj Singh Opens Up When Asked About Yograj Singh