സിംഹാസനം വീണ്ടെടുത്ത് രാജാവ്; ഹിറ്റ്മാനെ മറികടന്ന് എലൈറ്റ് ലിസ്റ്റില്‍ കോഹ്‌ലി വീണ്ടും ഒന്നാമത്‌

ചെന്നൈയ്ക്കെതിരെ വലിയൊരു സ്കോറിലേക്കുയരാൻ സാധിച്ചില്ലെങ്കിലും ചരിത്രനേട്ടത്തിലെത്താൻ കോഹ്‌ലിക്ക് സാധിച്ചു

സിംഹാസനം വീണ്ടെടുത്ത് രാജാവ്; ഹിറ്റ്മാനെ മറികടന്ന് എലൈറ്റ് ലിസ്റ്റില്‍ കോഹ്‌ലി വീണ്ടും ഒന്നാമത്‌
dot image

ഇന്ത്യൻ പ്രീമിയർ ചരിത്രം തിരുത്തി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‌ലി. ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് കിം​ഗ് കോഹ്‌ലി റെക്കോർഡ് സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 18 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 28 റൺസെടുത്താണ് വിരാട് കോഹ്‌ലി പുറത്തായത്. അൻഷുൽ കാംബോജാണ് കോഹ്‌ലിയെ മടക്കിയത്.

ചെന്നൈയ്ക്കെതിരെ വലിയൊരു സ്കോറിലേക്കുയരാൻ സാധിച്ചില്ലെങ്കിലും ചരിത്രനേട്ടത്തിലെത്താൻ കോഹ്‌ലിക്ക് സാധിച്ചു. ഐപിഎല്ലിൽ ഒരു ടീമിനെതിരേ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലി വീണ്ടും സ്വന്തം പേരിലെഴുതിച്ചേർത്തത്. സിഎസ്കെയ്ക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചരിത്രനേട്ടത്തിലെത്താൻ മുൻ ആർസിബി ക്യാപ്റ്റന് വെറും 14 റൺ‌സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ചിന്നസ്വാമിയിൽ 28 റൺസ് അടിച്ചെടുത്തതോടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ മാത്രം കോഹ്‌ലിയുടെ സമ്പാദ്യം 1174 റണ്‍സായി ഉയർന്നു.

നേരത്തെ ഈ റെക്കോഡിൽ രോഹിത് ശർമയായിരുന്നു തലപ്പത്ത്. ഈ സീസണില്‍ മുംബൈയുടെ ആദ്യ മത്സരത്തിലാണ് രോഹിത് എലൈറ്റ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫിഫ്റ്റി അടിച്ച രോഹിത്തിന്റെ സമ്പാദ്യം 1161 റണ്‍സിലെത്തിയിരുന്നു. അന്ന് വിരാടിനെ മറികടന്നായിരുന്നു 38കാരന്റെ നേട്ടം. ഇപ്പോള്‍ അത് പഴങ്കഥയാക്കിയാണ് കിം​ഗ് കോഹ്‌ലി സിംഹാസനം തിരിച്ച് പിടിച്ചിരിക്കുന്നത്.

അതേസമയം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ 43 റൺസിനാണ് ആർസിബി പരാജയപ്പെടുത്തിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്. സീസണിൽ‌ ചെന്നൈയുടെ തുടർച്ചയായ മൂന്നാം പരാജയവും ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയവുമാണിത്.

Content Highlights: IPL 2026: Virat Kohli Breaks Record Of Scoring Most Runs Against One Team, surpassed Rohit Sharma

dot image
To advertise here,contact us
dot image