

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയ്ക്ക് തിരിച്ചടി. വ്യാഴാഴ്ച രാത്രി ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഓൾറൗണ്ടർ അഭിഷേക് ശർമയ്ക്ക് ബിസിസിഐ കടുത്ത ശിക്ഷ വിധിച്ചത്. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി നൽകുന്നതിനൊപ്പം താരത്തിന്റെ പേരിൽ ഒരു ഡിമെറിറ്റ് പോയിന്റും ചേർത്തു.
ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് സൺറൈസേഴ്സിന് കൂറ്റൻ ടീം ടോട്ടൽ സമ്മാനിച്ചതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ നാലു ഫോറും നാലു സിക്സും നേടിയ താരം 21 പന്തിൽ 48 റൺസാണു നേടിയത്. പക്ഷേ, മത്സരത്തിനിടയിലെ താരത്തിന്റെ പെരുമാറ്റം വിവാദത്തിന് കാരണമാവുകയായിരുന്നു.
പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 ലംഘിച്ചതായി മാച്ച് റഫറി കണ്ടെത്തി. ബിസിസിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അധിക്ഷേപകരമോ അശ്ലീലമോ ആയ ഭാഷ ഉപയോഗിക്കുന്നത് സംബന്ധിച്ച ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 അഭിഷേക് ശർമ്മ ലംഘിച്ചു. മോശം വാക്കുകൾ ഉപയോഗിച്ചതായി താരം സമ്മതിച്ചിട്ടുണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിക്കുകയും ചെയ്തു.
എന്താണ് ആർട്ടിക്കിൾ 2.3?
മറ്റുള്ളവർക്ക് കേൾക്കാവുന്ന രീതിയിൽ (സ്റ്റമ്പ് മൈക്രോഫോൺ വഴിയോ അല്ലാതെയോ) ഏതെങ്കിലും ഭാഷയിലുള്ള അശ്ലീലമോ ആക്ഷേപകരമോ ആയ വാക്കുകൾ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. സ്വന്തം പ്രകടനത്തിലോ നിർഭാഗ്യത്തിലോ ഉള്ള നിരാശ കാരണം ദേഷ്യപ്പെട്ട് സംസാരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
Content Highlights: BCCI takes strict action against Abhishek Sharma, fined 25% for dissent in IPL 2026 match vs KKR