

2026 ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കൾക്ക് ഇന്ന് നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വെയെയാണ് ഇന്ത്യ നേരിടുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായിട്ടുണ്ട്. മറുവശത്ത് സിംബാബ്വെയെ തകർത്ത വെസ്റ്റ് ഇൻഡീസ് മികച്ച റൺ റേറ്റുമായി ഒന്നാമതെത്തുകയും ചെയ്തു. സിംബാബ്വെയ്ക്കെതിരെ വലിയ മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തുണക്കില്ല.
സിംബാബ്വെയ്ക്കെതിരായ വലിയ മാർജിനിലുള്ള വിജയത്തോടെ +5.350 എന്ന വമ്പന്‍ നെറ്റ് റണ്‍റേറ്റാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഗ്രൂപ്പ് വണ്ണില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ് വിന്‍ഡീസ്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടേത് 3.800. ഇന്ത്യയുടെ റൺ നിരക്ക് –3.800. വിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. ജയിക്കുന്ന ടീം ഏറെക്കുറെ സെമി ഉറപ്പിക്കും.
സിംബാബ്വെക്കെതിരെ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ വമ്പൻ അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത. തിലകും അഭിഷേകും മോശം ഫോമിലായതിനാൽ സിംബാബ്വെയ്ക്കെതിരായ നിർണായകപോരാട്ടത്തിൽ മലയാളി താരം സഞ്ജു സാസംണെ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ താരത്തെ ഇറക്കാനുള്ള സാധ്യതയും വളരെ വലുതാണ്.
കഴിഞ്ഞ ദിവസം നെറ്റ്സിൽ പേസർമാർക്കെതിരെ ദീർഘനേരം സഞ്ജുവും ഇഷാൻ കിഷനും ബാറ്റ് ചെയ്തിരുന്നു. സഞ്ജു കളിച്ചാൽ ആരെ മാറ്റുമെന്ന് വ്യക്തമല്ല. നാല് കളിയിലും പരാജയപ്പെട്ട ഓപ്പണർ അഭിഷേക് ശർമയെ മാറ്റാൻ സാധ്യത കുറവാണ്. തിലക് വർമയും തുടർന്നേക്കും. എങ്കിൽ വാലറ്റത്ത് മോശം പ്രകടനമുള്ള റിങ്കു സിങ്ങിനെ മാറ്റിയേക്കും. ഇതിനിടെ പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് റിങ്കു സിങ് ഇന്ത്യൻ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയെങ്കിലും തിരിച്ചെത്തിയിരുന്നു. ഓൾറൗണ്ടർ അക്സർ പട്ടേലും ഇലവനിൽ തിരിച്ചെത്തും.
Content Highlights: T20 World Cup 2026, Super 8: India vs Zimbabwe clash today, all eyes on Sanju Samson