

ഐസിസി ഏകദിന റാങ്കിങ്ങിൽ വനിതാ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ സൂപ്പർ താരം സ്മൃതി മന്ദാനയ്ക്ക് തിരിച്ചടി. വനിതാ ഏകദിന ലോകകപ്പിൽ കിരീടം നേടിയിട്ടും ഏറ്റവും പുതിയ റാങ്കിങ്ങിൽ മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. വനിതാ ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ ലോറ വോൾവാർഡാണ് മന്ദാനയെ പിന്നിലാക്കി ഒന്നാം റാങ്കിലെത്തിയത്.
ലോകകപ്പില് സ്മൃതി മന്ദാനയും മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. എന്നാല് അതിശയിപ്പിക്കുന്ന ബാറ്റിങ് പുറത്തെടുത്ത് ടൂര്ണമെന്റിലെ റണ് സ്കോറര്മാരില് ഒന്നാമതെത്തിയ ലോറ, മന്ദാനയെ പിന്നിലാക്കുകയായിരുന്നു. ഒന്പത് ഇന്നിങ്സില് 571 റണ്സാണ് ലോറ ലോകകപ്പില് അടിച്ചുകൂട്ടിയത്. ഇതില് രണ്ട് സെഞ്ച്വറിയും മൂന്ന് അര്ധ സെഞ്ച്വറിയും ഉള്പ്പെടും. നിലവിൽ 814 റേറ്റിങ് പോയിന്റുണ്ട് ലോറയ്ക്ക്.
മന്ദാനയാണ് ടൂര്ണമെന്റിലെ റണ്വേട്ടക്കാരില് രണ്ടാമത്. ഒന്പത് ഇന്നിങ്സില് 434 റണ്സാണ് മന്ദാന ലോകകപ്പില് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്ധ സെഞ്ച്വറിയുമാണ് മന്ദാനയുടെ ബാറ്റില് നിന്ന് പിറന്നു. മന്ദാനയ്ക്ക് പുറമെ ജെമീമ റോഡ്രിഗസ് മാത്രമാണ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ താരം. 650 റേറ്റിങ് പോയിന്റുകളുമായി പത്താം സ്ഥാനത്താണ് ജെമീമ.
Content Highlights: Laura Wolvaardt breaks away to World No 1 ODI ranking, displaces Smriti Mandhana