ബ്രെവിസുമായി കരാറൊപ്പിടാന്‍ രഹസ്യമായി പണം നല്‍കിയെന്ന് അശ്വിന്‍റെ വിവാദപരാമര്‍ശം; മറുപടിയുമായി CSK

ഐപിഎല്‍ 2025നിടെ പരിക്കേറ്റ ഗുര്‍ജപ്‌നീത് സിങിന് പകരമാണ് ബ്രെവിസിനെ സിഎസ്കെ തട്ടകത്തിലെത്തിച്ചത്

dot image

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിനിടെ ദക്ഷിണാഫ്രിക്കന്‍ യുവ താരം ഡെവാള്‍ഡ് ബ്രെവിസിനെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപരാമർ‌ശങ്ങളിൽ ആർ അശ്വിന് മറുപടിയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്. ഐപിഎല്‍ 2025നിടെ പരിക്കേറ്റ ഗുര്‍ജപ്‌നീത് സിങിന് പകരമാണ് ബ്രെവിസിനെ സിഎസ്കെ തട്ടകത്തിലെത്തിച്ചത്. പരിക്കേറ്റ താരത്തിന് പകരം പുതിയ കളിക്കാരനെ ടീമിലെടുക്കുമ്പോള്‍ പരിക്കേറ്റ താരത്തിന്റെ പ്രതിഫല തുകയേക്കാള്‍ കൂടുതല്‍ പണം നല്‍കാന്‍ പാടില്ലെന്ന ഐപിഎല്‍ നിയമം ടീം ലംഘിച്ചുവെന്നാണ് സിഎസ്‌കെ താരം കൂടിയായ അശ്വിൻ പരോക്ഷമായി വെളിപ്പെടുത്തിയത്.

തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തില്‍' സംസാരിക്കുമ്പോഴാണ് അശ്വിന്‍ ബ്രെവിസ്-സിഎസ്‌കെ കരാറിനെ കുറിച്ച് സൂചിപ്പിച്ചത്. മെഗാ ലേലത്തില്‍ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി പങ്കെടുത്ത 22 കാരനായ ബ്രെവിസിനെ ആരും ഏറ്റെടുത്തിരുന്നില്ല. സീസണിന്റെ മധ്യത്തില്‍ ഉണ്ടാക്കിയ കരാറിലൂടെ ഫ്രാഞ്ചൈസിയില്‍ നിന്ന് 2.20 കോടി രൂപ ലഭിച്ചു. കൂടുതല്‍ തുക നല്‍കിയാല്‍ വരാമെന്ന് ബ്രെവിസിന്റെ ഏജന്റ് പറഞ്ഞുവെന്നും അടുത്ത ലേലത്തില്‍ നല്ല ഉയര്‍ന്ന തുക ലഭിക്കുമെന്ന് ബ്രെവിസിന് അറിയാം എന്നതിനാലാണ് ഈ വിലപേശല്‍ എന്നും അശ്വിന്‍ പറഞ്ഞിരുന്നു.

പരിക്കേറ്റ താരത്തിന് നല്‍കിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലത്തിന് പകരക്കാരനെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്നാണ് ഐപിഎല്‍ നിയമം. താരലേലത്തിലൂടെ വാങ്ങുമ്പോള്‍ ഗുര്‍ജപ്‌നീത് സിങിന് 2.20 കോടി രൂപ ആയിരുന്നു പ്രതിഫലം. ഇതേ തുകയുടെ കരാറാണ് ബ്രെവിസിനും നല്‍കിയത്. എന്നാല്‍ അശ്വിന്റെ പരാമര്‍ശം ഇതിനേക്കാള്‍ കൂടുതല്‍ തുക രഹസ്യമായി നല്‍കിയെന്ന സംശയത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദപരാമർശത്തിൽ വിശദീകരണവുമായി ചെന്നൈ സൂപ്പർ കിം​ഗ്സ് രം​ഗത്തെത്തിയത്.

ബ്രെവിസ് പകരക്കാരനായി കരാര്‍ ഒപ്പിട്ടപ്പോള്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചെന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ സിഎസ്‌കെ വിശദീകരിച്ചത്. ''ഡെവാള്‍ഡ് ബ്രെവിസിനെ ടീമിലെത്തിച്ചപ്പോള്‍ ഫ്രാഞ്ചൈസി സ്വീകരിച്ച എല്ലാ നടപടികള്‍ ഐപിഎല്ലിന്റെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായും പാലിക്കുന്നതായിരുന്നു', റീപ്ലേസ്മെന്റ് പ്ലേയേഴ്സ് എന്നതിന് കീഴിലുള്ള ക്ലോസ് 6.6 ഉദ്ധരിച്ച് സിഎസ്‌കെ വ്യക്തമാക്കി.

'ഖണ്ഡിക 6.1 അല്ലെങ്കില്‍ 6.2 അനുസരിച്ച് കരാര്‍ ഒപ്പിട്ട ഒരു പകരക്കാരനെ ലീഗ് ഫീസില്‍ റിക്രൂട്ട് ചെയ്യാം. ഈ കളിക്കാരന് നല്‍കുന്ന പ്രതിഫലം പരിക്കേറ്റ അല്ലെങ്കിൽ ലഭ്യമല്ലാത്ത കളിക്കാരന് ബന്ധപ്പെട്ട സീസണില്‍ നല്‍കേണ്ട ഫീസിനേക്കാള്‍ കൂടുതലാകരുത്'', സിഎസ്‌കെ പ്രസ്താവനയിൽ പറഞ്ഞു. പകരക്കാരനെ റിക്രൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹം ഫ്രാഞ്ചൈസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് നടന്ന അതേ സീസണിലെ മത്സരങ്ങളുടെ ഫീസ് ആകെ പ്രതിഫല തുകയില്‍ നിന്ന് കുറയ്ക്കുമെന്നും സിഎസ്‌കെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: CSK break silence after R Ashwin's 'extra pay' comment for Dewald Brevis causes stir

dot image
To advertise here,contact us
dot image