
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഡയറ്റെടുക്കുന്ന പലരും ആദ്യം ഭക്ഷണത്തില് നിന്ന് പഞ്ചസാര ഒഴിവാക്കാനാണ് ശ്രമിക്കുക. എന്നാല് പഞ്ചസാര ആത്ര വില്ലനല്ലെന്നാണ് ന്യൂട്രിഷനിസ്റ്റ് ആയ റുജുത ദിവേക്കര് പറയുന്നത്. കരീന കപൂര് ഉള്പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളുടെ ന്യൂട്രിഷനിസ്റ്റ് ആണ് റുജുത ദിവേക്കര്. ആഘോഷവേളകളില് പോലും മധുരത്തോട് നോ പയുന്നത് ക്രൂരതയാണെന്നും റുജുത പറയുന്നു.
പാരമ്പര്യമായിട്ടുള്ള പലഹാരങ്ങളൊക്കെ ഇഷ്ടമാണെന്നും അതിലൊക്കെ മധുരമുണ്ടെന്നും അതൊക്കെ താന് കഴിക്കാറുണ്ടെന്നും റുജുത ഒരു പോഡ്കാസ്റ്റില് പറഞ്ഞു. 'ഭക്ഷണത്തോടുള്ള നമ്മുടെ സമീപനമാണ് പ്രധാനം. സന്തോഷത്തോടെ പങ്കിടുമ്പോള് പഞ്ചസാരയെ ഒരു വില്ലനായി കാണേണ്ടതില്ല. നിരാശയോടെ കഴിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. നമ്മുടെ അടുക്കളയില് ഉണ്ടാക്കുന്ന സാധാരണ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യകരമാണ്. ശരിയായ ആവര്ത്തിയില് കഴിക്കുന്ന മധുരപലഹാരം ആരോഗ്യത്തിന് നല്ലതു തന്നെയാണ്. കാര്ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്, ഫാറ്റ്, കലോറി എന്നിങ്ങനെ ഭക്ഷണത്തെ കാണാന് തുടങ്ങുന്ന നിമിഷം മുതല് നമ്മള്ക്ക് ഭക്ഷണത്തോടുള്ള സമീപനവും സന്തോഷവും നഷ്ടമാകുന്നു. ഓരോ പിടി ഭക്ഷണം കഴിക്കുമ്പോഴും നിങ്ങള് മനസില് കലോറി അല്ലെങ്കില് കൊഴുപ്പ് കണക്കുകൂട്ടുകയായിരിക്കും. ഇത് ഭക്ഷണത്തിന്റെ രുചി കുറയ്ക്കുന്നു'- റുജുത പറഞ്ഞു.
ഭക്ഷണം കഴിച്ചിച്ചാലും തടി കുറയ്ക്കാന് സാധിക്കുമെന്ന് റുജുത പറഞ്ഞു. കൊഴുപ്പ് കൂടിയ പാല് കുടിക്കുക, മുട്ട കഴിക്കുമ്പോള് വെള്ള മാത്രം കഴിക്കാതെ മുഴുവനായി കഴിക്കുക തുടങ്ങിയ കാര്യങ്ങള് ചെയ്യുമ്പോള് വിശപ്പിനോടും മധുരത്തോടുമുള്ള ആസക്തി കുറയുമെന്നും റുജുത പറയുന്നു.
Content Highlights: sugar isn't the enemy, says nutritionist Rujuta Diwekar