
പാകിസ്താന്റെ സിന്ധ് പ്രവിശ്യയില്‍ ഭൂവുടമ മുന്‍കാല് വെട്ടിക്കളഞ്ഞ പെണ്‍ഒട്ടകം കൃത്രിമക്കാലില്‍ വീണ്ടും നടന്നു തുടങ്ങി. ആഹാരം തേടി ഒരു ഭൂവുടമയുടെ പാടത്തെത്തിയതാണ് കാമിയെന്ന പെണ്‍ഒട്ടകം. ഇതിന് ശിക്ഷയെന്നോണമാണ് ഇയാള്‍ കാമിയുടെ മുന്‍കാല്‍ വെട്ടിക്കളഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കുകയാണ് ഉണ്ടായത്.
ആദ്യമായി കൃത്രിമ കാലില്‍ കാമി നടക്കുന്നത് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് പോയി എന്നാണ് കറാച്ചി ആനിമല്‍ ഷെല്‍റ്ററിലെ മാനേജരായ ഷീമ ഖാന്‍ പറഞ്ഞത്. പാകിസ്താനില്‍ ആദ്യമായിട്ടാണ് വലിയ ജീവികള്‍ക്ക് ഒന്നിന് കൃത്രിമ കാല്‍ ഘടിപ്പിക്കുന്നതെന്ന് മൃഗഡോക്ടറായ ബാബര്‍ ഹുസൈന്‍ പറഞ്ഞു.
സിന്ധ് പ്രവിശ്യയില്‍ നിന്നും സംഭവം നടന്ന് പിറ്റേദിവസം തന്നെ 250 കിലോമീറ്റര്‍ അകലെ കറാച്ചിലേക്ക് കാമിയെ സര്‍ക്കാര്‍ നേതൃത്വത്തില്‍ എത്തിച്ചു. അന്ന് മുതല്‍ ഷെല്‍റ്റര്‍ ഹോമിലാണ് കാമിയുടെ താമസം. ആക്രമണത്തിന് പിന്നാലെ മനുഷ്യരെ പേടിയോടെയാണ് കാമി കണ്ടിരുന്നത്. അവളുടെ വിശ്വാസം നേടിയെടുക്കാന്‍ ഒരുപാട് പാടുപെടേണ്ടി വന്നുവെന്ന് പരിചാരകര്‍ പറയുന്നു. കറാച്ചിയിലെ ആനിമല്‍ ഷെല്‍റ്ററിലെത്തിയ കാമിയുടെ വേദന കൊണ്ടുള്ള കരച്ചില്‍ എന്നും കേട്ടിരുന്നുന്നെന്നും പതിയെ പതിയെയാണ് അവള്‍ എല്ലാവരെയും വിശ്വസിച്ച് തുടങ്ങിയതെന്നും പരിചാരകര്‍ പറയുന്നു.
കാമിയെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍, പരിചാരകര്‍ കാലി എന്ന മറ്റൊരു ഒട്ടകത്തെ കാമിയ്‌ക്കൊപ്പം കൂട്ടി. പുതിയ കൂട്ടുകാരി എത്തിയതോടെ ആദ്യമായി മൂന്നുകാലില്‍ കാമി എഴുന്നേറ്റ് നിന്നു. കാലി വരുന്നത് വരെ അഞ്ച് മാസത്തോളം ഒരിടത്ത് ഒരേ കിടത്തമായിരുന്നു കാമി. മുറിവ് ഉണങ്ങിയ ശേഷമാണ് കൃത്രിമ കാല്‍ ഘടിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചത്. വൈകാതെ യുഎസ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും കൃത്രിമ കാല്‍ എത്തിച്ചു.
കൃത്രിമ കാല്‍ ഘടിപ്പിച്ച ശേഷം, കാമിയെ നടക്കാനായി ആരും നിര്‍ബന്ധിച്ചില്ല. ഇരുപത് മിനിറ്റോളം കാത്തിരുന്നതിന് പിന്നാലെ കാമി സ്വയം എഴുന്നേറ്റ് നിന്ന് പതിയെ നടക്കുകയാണ് ഉണ്ടായത്. ഇരുപതു ദിവസത്തോളം കഴിയുമ്പോള്‍ മാത്രമേ പുതിയ കാലുമായി ഇണങ്ങി ചേരുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം കാമി എന്നും ആനിമല്‍ ഷെല്‍റ്ററില്‍ തന്നെ തുടരുമെന്ന് പരിചാരകര്‍ വ്യക്തമാക്കി.
Content Highlights: Cammie, the camel whose leg chopped off by landlord walks in prosthetic leg