
മലപ്പുറം: വിദ്വേഷ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. അപരമത വിദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസായി വെളളാപ്പളളി നടേശന്‍ മാറിയെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംഘ് ശൈലിയില്‍ മത ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും അദ്ദേഹം കടന്നാക്രമിക്കുകയാണെന്നും ഒരുകാലത്ത് മുസ്‌ലിംങ്ങളെയും പിന്നോക്കക്കാരെയും കൂട്ടിപ്പിടിച്ച് സംവരണ സമുദായ മുന്നണിയുണ്ടാക്കിയ നടേശന്റെ പുതിയ നിലപാടുകള്‍ മടിയിലെ കനം മൂലമുളള ഭയത്തില്‍ നിന്നാകാമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന' വാഴുന്ന മാതൃകകള്‍ സ്വപ്‌നം കാണുകയും ചെയ്ത വലിയ മനുഷ്യന്റെ അനുയായി എന്ന നിലയിലാണ് കേരളത്തില്‍ വെളളാപ്പളളി നടേശനെന്ന ഈഴവ നേതാവിനെ കേട്ടുതുടങ്ങിയത്. ഇന്ന് ഹീനമായ പ്രസ്താവനകളുമായി നടേശന്‍ മുന്നേറുമ്പോള്‍ തിരുത്തേണ്ടതിനു പകരം അപദാനങ്ങള്‍ വാഴ്ത്തിപ്പാടാനാണ് ഉത്തരവാദിത്തപ്പെട്ടവര്‍ മുതിരുന്നത്. മന്ത്രിമാരും സാമാജികരും എന്ന ഭേദമതിനില്ല. ഇടതും വലതും അതിലുണ്ട്.'-സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
വിഎസ് അച്യുതാനന്ദനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരളാ പൊലീസ് നടേശന്റെ തീവ്ര വര്‍ഗീയതയ്ക്ക് മുന്നില്‍ മാവിലായിക്കാരാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശബ്ദം മാത്രമാണ് അതില്‍ വ്യത്യസ്തമായി മുഴങ്ങിക്കേട്ടതെന്നും സത്താര്‍ പറഞ്ഞു. 'പ്രകോപിതനായ നടേശന്‍ വി ഡി സതീശനെതിരെ നടത്തിയ അസഭ്യവാക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. നടേശന്റെ വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ ആളില്ലെന്നതുപോലെ സതീശനെ പ്രതിരോധിക്കാനും ഒരു കോണ്‍ഗ്രസ് നേതാവിനെയും ഈ വഴി കണ്ടില്ല. വര്‍ഗീയ രാഷ്ട്രീയത്തിനു മുന്നില്‍ ബധിരത പൂണ്ടവര്‍ ഇടതായാലും വലതായാലും കസേരമോഹങ്ങളുമായി ഈ വഴി വരരുതെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു'-സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. വി ഡി സതീശന്റേത് ഒറ്റപ്പെട്ട ശബ്ദമല്ലെന്നും മതേതര കേരളം കൂടെയുണ്ടെന്ന് അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നുവെന്നാണ് കഴിഞ്ഞ ദിവസം വെളളാപ്പളളി പറഞ്ഞത്. സ്ഥാപനങ്ങള്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള്‍ കൊടുവാള് കൊണ്ട് ചിലര്‍ ഇറങ്ങുകയാണെന്നും വെള്ളിപ്പള്ളി നടേശന്‍ പറഞ്ഞു. വി ഡി സതീശനെ അതിരൂക്ഷമായ ഭാഷയിലാണ് വെളളാപ്പളളി അധിക്ഷേപിച്ചത്. 'കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനാണ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ?ഈഴവ വിരോധിയാണ് സതീശന്‍. ഈഴവനായ കെ സുധാകരനെ ഒതുക്കി മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണ്'- എന്നാണ് വെളളാപ്പളളി പറഞ്ഞത്.
Content Highlights: Sathar panthalloor against vellappally natesan's hate speech and remark against vd satheesan