
ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ. അമിത ചിന്ത നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും എല്ലാം ദോഷം ചെയ്യും.
അമിത ചിന്ത സമ്മര്‍ദ്ദത്തിന് കാരണമാകുകയും ഗുരുതരമായ ശാരീരിക രോഗങ്ങളുണ്ടാക്കുകയും മാനസികവും ശാരീരികവുമായ ആരോഗ്യം തകരാറിലാക്കുകയും ചെയ്യും. ജാസ്ലോക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിലെ (ന്യൂറോളജിസ്റ്റും ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമായ) ഡോ. വിനയ വി. ഭണ്ഡാരി എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. അമിതമായി ചിന്തിക്കുന്നത് ലളിതമായി ചിന്തിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രശ്‌നമുണ്ടാക്കും. അമിത ചിന്തയില്‍ സ്ഥിരവും ആവര്‍ത്തിച്ചുള്ളതുമായ നെഗറ്റീവ് ആലോചനകള്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.
അമിതമായി ചിന്തിക്കുമ്പോള്‍ ശരീരത്തിലും തലച്ചോറിലും എന്താണ് സംഭവിക്കുന്നത്. അമിതമായി ചിന്തിക്കുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ സജീവമാകുന്നു. തലച്ചോറിലെ ' പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ആന്റീരിയര്‍ സിങ്ഗുലേറ്റ്, ലിംബിക് സിസ്റ്റം (ഇവയൊക്കെ വികാരം, ശ്രദ്ധ, സമ്മര്‍ദ്ദം എന്നിവ പ്രോസസ് ചെയ്യുന്ന മേഖലകളാണ്. ഇവിടം തലച്ചോറിനെ നിരന്തരം ജാഗ്രതയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.) തുടങ്ങിയ മേഖലകളില്‍ അമിത ചിന്തമൂലം വര്‍ധിച്ച സമ്മര്‍ദ്ദമുണ്ടാകുന്നു. അമിത ചിന്ത മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം തലച്ചോറിലെ ഈ ഭാഗങ്ങളെ ബാധിക്കുകയും വിശ്രമിക്കാനോ വ്യക്തമായി ചിന്തിക്കാനോ ജാഗ്രതപുലര്‍ത്താനോ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
മാത്രമല്ല അമിത ചിന്ത മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം ദഹന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ധിക്കുന്നു. ഉയര്‍ന്ന ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവയിലേക്ക് നയിക്കുന്നു. ഈ മാറ്റങ്ങള്‍ ഉറക്കക്കുറവ് ഉണ്ടാക്കുന്നു. പ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തുന്നു. ദഹനം മന്ദഗതിയിലാക്കുന്നു, ക്ഷീണത്തിന് കാരണമാകുന്നു. അമിത ചിന്ത ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും അപസ്മാരം പോലെയുള്ള അനുഭവങ്ങള്‍ക്കും കാരണമാകുന്നു.
അമിത ചിന്ത എങ്ങനെ നിയന്ത്രിക്കാം
അമിത ചിന്ത ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കോഗ്നെറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT) യാണ്. ഇത് ആവശ്യമില്ലാത്ത ചിന്തകളെ തിരിച്ചറിയാനും അവ മാറ്റാനുമുള്ള പ്രായോഗിക വഴികള്‍ പഠിപ്പിക്കാന്‍ സഹായിക്കുന്നു. ഇവയോടൊപ്പം ശ്വസന വ്യായാമങ്ങളും പരിശീലിക്കാം. ഒപ്പം നിങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ എഴുതി വയ്ക്കുക. രാത്രിയില്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതിനായി ഒരു ഡോക്ടറുടെയോ തെറാപ്പിസ്റ്റിന്റെയോ പിന്തുണ തേടുക.
Content Highlights :Overthinking can negatively affect your health