പാകിസ്താനോട് സെമിയില്‍ കളിക്കുമോയെന്ന് ചോദ്യം; പൊട്ടിത്തെറിച്ച് ധവാന്റെ മറുപടി, വീഡിയോ വൈറല്‍

വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്താനെതിരെ കളിക്കില്ലെന്ന് ഭാഗമായ ശിഖര്‍ ധവാന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു

dot image

വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ത്യന്‍ താരങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സംഘാടകര്‍ റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാജ്യമാണ് വലുതെന്നും അതിനും മുകളില്‍ മറ്റൊന്നുമില്ലെന്നും ധവാന്‍ പ്രതികരിച്ചു. കൂടുതല്‍ താരങ്ങള്‍ ധവാന്റെ നിലപാടു തന്നെ സ്വീകരിച്ചതോടെ മത്സരം റദ്ദാക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂലൈ 20ന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്താനെതിരെയാണ് നടക്കേണ്ടിയിരുന്നത്. മത്സരം റദ്ദാക്കിയെങ്കിലും ടൂര്‍ണമെന്റിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴിതാ സെമിയില്‍ പാകിസ്താനെ നേരിടുന്നതിനെ കുറിച്ചുള്ള ശിഖര്‍ ധവാന്റെ പ്രതികരണമാണ് വൈറലാവുന്നത്.

പാകിസ്താനെതിരെ കളിക്കില്ലെന്ന നിലപാട് സെമിഫൈനലിലും മാറ്റമില്ലാതെ തുടരുമോ എന്നായിരുന്നു ധവാനോടുള്ള ചോദ്യം. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടുകൊണ്ടാണ് ധവാന്‍ പ്രതികരിച്ചത്. അത്തരമൊരു ചോദ്യം നിങ്ങള്‍ ചോദിക്കാന്‍ പാടില്ലായിരുന്നെന്നാണ് ഇടംകൈയന്‍ ഓപ്പണര്‍ പറഞ്ഞത്.

'ഈ ചോദ്യം തെറ്റായ സമയത്തും സ്ഥലത്തുമാണ് ചോദിക്കുന്നത്. നിങ്ങള്‍ ഇങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നു. മുന്‍പ് കളിക്കില്ലെന്ന് പറഞ്ഞു. അതുതന്നെയാണ് ഇനിയും എന്റെ നിലപാട്', ധവാന്‍ പറഞ്ഞു. ധവാന്‍റെ പ്രതികരണത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

ജമ്മു കശ്മിരീലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതാണ് മത്സരം റദ്ദാക്കിയതിലേക്ക് വഴിവെച്ചത്. മത്സരം നടത്തുന്നതിനെതിരെ വലിയ രീതിയില്‍ ആരാധകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ശിഖര്‍ ധവാന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറി.

പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് രണ്ട് മാസം മുന്‍പേ ധവാന്‍ അറിയിച്ചിരുന്നു. മത്സരം റദ്ദാക്കിയതിന് ശേഷം, മത്സരത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് 2025 മേയില്‍ സംഘാടകരോട് ആവശ്യപ്പെട്ടതായി ധവാന്‍ തന്നെ വ്യക്തമാക്കി. സംഘാടകര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

Content Highlights: WCL 2025: Shikhar Dhawan gets angry on India-Pakistan question

dot image
To advertise here,contact us
dot image