വി.എസ് എങ്ങനെ കേരളത്തിന്റെ കണ്ണും കരളുമായ്ത്തീര്‍ന്നു?ആ രൂപകല്പനയ്ക്ക് പിന്നിലെ സത്യങ്ങള്‍

നാലു മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് 22 മണിക്കൂര്‍ നേരം വേണ്ടിവരുന്ന തരം ജനാരാധനയുടെ പ്രളയത്തിന് ഇനി ഇന്നാട്ടിലെ ഒരു രാഷ്ട്രീയക്കാരന്റെ ചലനമറ്റ ദേഹവും വിധേയമാക്കപ്പെടില്ല.

സി നാരായണന്‍
8 min read|27 Jul 2025, 02:21 pm
dot image

മാധ്യമപ്രവര്‍ത്തകരുടെ കാല്‍പനിക വാക്ചാതുര്യത്തിന്റെ സര്‍വ്വസംഭരണികളും തുറന്നിട്ട മൂന്നു ദിവസം. മഴ പെയ്യുന്നതിന്റെ ഊക്ക് പോലും സഹിക്കാന്‍ സാധിച്ചെങ്കിലും മാധ്യമ വായ്ത്താരിയുടെ കാല്‍പനികത അത്യധികം ചെടിപ്പിക്കുന്നതായിരുന്നു. വി.എസിനെ വൈകാരികമായി വിറ്റ് റേറ്റിങ് ഉയര്‍ത്തുന്ന നിരവധി തന്ത്രങ്ങള്‍ തെരുവുകളില്‍ പ്രയോഗിക്കപ്പെട്ടു. ജനങ്ങളുടെ കണ്ണീരും കിനാവും വിലാപവും ചാനലുകള്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങള്‍ക്കായി മല്‍സരിക്കാനുളള മെറ്റീരിയലുകളായി. മരിച്ചയാളുടെ പേരുപോലും മാറിപ്പോകും വിധം അത് അംസബന്ധമാവുക വരെ ചെയ്തു.

കാല്‍പനികതയുടെ അതിരില്ലാത്ത ആഖ്യാനങ്ങള്‍ക്ക് വി.എസ്. വിധേയനായിത്തീരുമ്പോഴും തിരുവനന്തപുരം തൊട്ട് വലിയ ചുടുകാട് വരെയുളള തെരുവുകളില്‍ വേപഥു പൂണ്ട മനുഷ്യരുടെ ചലനങ്ങള്‍ കഴിഞ്ഞ നാലുദിവസംകൊണ്ട് ലോകത്തിന് കാണിച്ചുതന്ന രാഷ്ട്രീയം നമ്മള്‍ സൗകര്യപൂര്‍വ്വം വിഴുങ്ങിക്കളയരുത്. വി.എസ്. മറയുമ്പോള്‍ ഇവിടെയീ തെരുവുകളില്‍ വി.എസ്. ഉണര്‍ത്തിവിട്ടവരുടെ രാഷ്ട്രീയം മറയാതെ അലയുന്നത് നാം കാണുന്നു. ആ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമുണ്ടാവുമോ എന്ന സന്ദേഹം വി.എസ് ഒരു പേരല്ല രാഷ്ട്രീയമാണെന്നു കരുതുന്ന അനേകായിരങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നുണ്ട്.

Also Read:

കഴിഞ്ഞ ആറു വര്‍ഷമായി, കൃത്യമായി പറഞ്ഞാല്‍ 2019 മുതല്‍ മലയാളികളുടെ പൊതുജീവിതത്തിന്റെ വാക്കിടങ്ങളില്‍ ഒരക്ഷരം പോലും ഉരിയാടാതെ മൗനത്തിലേക്കു മടങ്ങിയിരുന്ന വി.എസ്. ഈ 2025-ലും ജനമനസ്സുകളുടെ ദീര്‍ഘദുര്‍ഘടമായ തെരുവുകളില്‍ ഇത്രയധികം അലയടിയായി അനാര്‍ഭാടമായി അലഞ്ഞു നടന്നിരുന്നുവെന്ന് നമ്മളറിയുന്നത് അദ്ദേഹത്തിന്റെ മരണത്തിലൂടെയാണ്.


വി.എസ്. അച്യുതാനന്ദന്‍ എന്ന ചരിത്രപുരുഷന് നല്‍കാവുന്ന ഏറ്റവും മികച്ച ടാഗ് ലൈന്‍ കേരളത്തിലെ അവസാനത്തെ പോപ്പുലര്‍ പൊളിറ്റീഷ്യന്‍ എന്നായിരിക്കും. മലയാളികളുടെ രാഷ്ട്രീയത്തില്‍ ഇനി അത്തരം ടാഗ് തൂക്കിയിടാന്‍ തക്ക പോപ്പുലറായ നേതാവ് ഇനിയില്ല. നാലു മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് 22 മണിക്കൂര്‍ നേരം വേണ്ടിവരുന്ന തരം ജനാരാധനയുടെ പ്രളയത്തിന് ഇനി ഇന്നാട്ടിലെ ഒരു രാഷ്ട്രീയക്കാരന്റെ ചലനമറ്റ ദേഹവും വിധേയമാക്കപ്പെടില്ല.

രണ്ട് വര്‍ഷംമുമ്പ് ഉമ്മന്‍ചാണ്ടി ഇത്തരം പോപ്പുലറിസ്റ്റ് ആരാധന ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാം അതില്‍ രാഷ്ട്രീയേതരമായ ഒരുപാട് ഘടകങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വി.എസിന്റെ കാര്യത്തിലത് തികച്ചും രാഷ്ട്രീയ ഘടകങ്ങളായിരുന്നു. വിഎസിനെ ഒരു നോക്കുകാണാന്‍ തെരുവുകളില്‍ തിരക്കുകൂട്ടിയ അപാര ജനസഞ്ചയം ആ മനുഷ്യന്റെ അനന്യമായ രാഷ്ട്രീയ നിലപാടുകളുടെ ആരാധകരായിരുന്നു. അതുകൊണ്ട് തന്നെ ഉറപ്പായും പറയാം, ഉമ്മന്‍ചാണ്ടിക്ക് കേരളം നല്‍കിയ അന്ത്യാഭിവാദ്യത്തെക്കാളും പതിന്മടങ്ങ് തിളക്കമുള്ള ഒന്നായിരുന്നു വി.എസ്. എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഭൗതികശരീരം വഴിനീളെ ഏറ്റുവാങ്ങിയത്.

Also Read:

ഇതിനു മുമ്പ് സമാനമായൊരു ആദരം എന്റെ ഓര്‍മയില്‍ ഇ.എം.എസിനും ഇ.കെ.നായനാര്‍ക്കും മാത്രമേ ലഭിച്ചിട്ടുള്ളൂ. അവരില്‍ ഇ.എം.എസ് തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ തന്നെയായിരുന്നു ജ്വലിച്ചുമറഞ്ഞത് എന്നതിനാല്‍ കേരളത്തിന്റെ പാതയോരങ്ങളിലെ ജനനിബിഡ അന്ത്യാജ്ഞലികളുടെ ദൃശ്യങ്ങള്‍ മലയാളിയുടെ മനസ്സില്‍ അടയാളപ്പെട്ടിരുന്നില്ല. നായനാരുടെ കാര്യത്തിലെ അനുഭവം ഇപ്പോഴും മനസ്സിലുണ്ട് . ഞാനന്ന് തൃശ്ശൂരിലായിരുന്നു താമസിച്ചിരുന്നത്. നായനാരുടെ ദേഹം വഹിച്ച ബസ് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ തൃശ്ശൂരിലെത്തിയത് പുലര്‍ച്ചെ മൂന്നര-നാലു മണിക്കടുത്തായിരുന്നു. കോര്‍പറേഷന്‍ ഓഫീസിനു മുന്നിലെ പഴയ ബസ്സ് സ്റ്റാന്‍ഡിലായിരുന്നു ആളുകള്‍ക്ക് കാണാന്‍ സൗകര്യമുണ്ടാക്കിയിരുന്നത്. സാധാരണ ഗതിയില്‍ മനുഷ്യര്‍ സുഖനിദ്രയിലമരുന്ന ആ അസമയത്ത് തൃശ്ശൂര്‍ നഗരത്തില്‍ നായനാരെ കാണാന്‍ ക്ഷമയോടെ കാത്തുനിന്നിരുന്ന വന്‍ജനക്കൂട്ടത്തെക്കണ്ട് ശരിക്കും അത്ഭുതം തോന്നി. കാരണം മറ്റൊന്നുമല്ല, കണ്ണൂര്‍ക്കാരനായ നായനാര്‍ക്ക് തൃശ്ശൂരില്‍ ലഭിച്ച ആദരാഞ്ജലിയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ ജനകീയത മാത്രമായിരുന്നു.

എന്തുകൊണ്ടാണ് അച്യുതാനന്ദന്‍ കേരളീയരുടെ ഹൃദയം കവര്‍ന്നത്. സ്റ്റാലിനിസ്റ്റ് കാര്‍ക്കശ്യത്തിന്റെ മൂര്‍ത്തീരൂപമെന്ന പ്രതിച്ഛായയുണ്ടായിരുന്ന വി.എസിന് എങ്ങിനെയാണ് അതിനു നേര്‍വിപരീതദിശയിലേക്ക് സഞ്ചരിക്കാന്‍ സാധിച്ചത്. ഈ വിശകലനം നമ്മുടെ ജീവിച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കള്‍ തീര്‍ച്ചയായും നേരിടേണ്ടതുണ്ട്. ഒരു നേതാവ് ഒരു ഫിഗര്‍ ആണ്. വി.എസ്. ആത്യന്തികമായും എല്ലായ്പ്പോഴും സാധാരണക്കാരന്റെ ഫിഗര്‍ ആയിരുന്നു. ആ മുണ്ടും ജൂബയും സാധാരണക്കാരോട് എത്രയോ ഹൃദ്യമായി അടുത്തു സംവദിച്ചു. മധ്യവര്‍ഗ വെടിപ്പിന്റെയും മോടിയുടെയും രൂപഭാവങ്ങളില്‍ ഒരിക്കല്‍പ്പോലും വി.എസ്. പ്രത്യക്ഷപ്പെട്ടില്ല എന്നത് തന്റെ വ്യക്തിത്വം വെട്ടിത്തയ്ക്കുന്നതില്‍ ആ രാഷ്ട്രീയക്കാരന്‍ ബോധപൂര്‍വ്വം വരുത്തിയ ആശയം തന്നെയായിരിക്കാനേ വഴിയുള്ളൂ.


മറ്റൊന്ന് വി.എസിന്റെ ഭാഷയായിരുന്നു. അത് കേരളത്തിന്റെ മാനക ഭാഷയായിരുന്നില്ല. നായനാരുടെതു പോലെ അത് സാധാരണക്കാരന്റെ വര്‍ത്തമാനത്തിന്റെ താളവും തമാശയും പ്രകടമാക്കി. ഞങ്ങളുടെ ഇടയിലെ ഒരു മനുഷ്യന്‍ എന്ന സഹഭാവം സാധാരണക്കാരായ ജനകോടികളില്‍ ഉണര്‍ത്താനും ഉറപ്പിക്കാനും വി.എസിന് സാധിച്ചതില്‍ അദ്ദേഹത്തിന്റെ ഭാഷക്കും പദപ്രയോഗങ്ങള്‍ക്കും ഭാഷാഭേദങ്ങള്‍ക്കും ഈണങ്ങള്‍ക്കും വലിയ ഇടമുണ്ട്.

ഞാന്‍ ഈ ലേഖനത്തിനൊപ്പം ചേര്‍ത്തിട്ടുള്ള ചില ചിത്രങ്ങള്‍ ശ്രദ്ധിക്കുക. ഇതു പോലെ കേരളത്തിലെ എതെങ്കിലും രാഷ്ട്രീയനേതാവിന് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും, പ്രതിച്ഛായാ നിര്‍ഭയത്വവും ഉണ്ടായിട്ടുണ്ടെന്ന് , ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ… ഇല്ല. വി.എസ്. എപ്പോഴും താന്‍ സംസാരിക്കുന്ന മനുഷ്യരില്‍ ഒരാളാകാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. അവരില്‍ വിശ്വാസമുണര്‍ത്തണമെങ്കില്‍ അവരുടെ പ്രതിബിംബമായിരിക്കണം എന്ന ആശയം. ഞാനും നിങ്ങളെപ്പോലെയൊരുവനാണ് എന്ന് പറയാതെ പറഞ്ഞു. തേടിയെത്തുന്നവരെ കേള്‍ക്കുന്നതിനു പകരം അവരെ തേടിയെത്തി കേട്ടു. ജനം അങ്ങിനെയാണ് വി.എസില്‍ തങ്ങള്‍ക്ക് തീര്‍ത്തും വിശ്വസിക്കാവുന്ന ഒരാളെ ദര്‍ശിക്കാനാരംഭിച്ചത്.

Also Read:

വി.എസിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിച്ചാല്‍ ആരും ഒന്ന് നെറ്റി ചുളിച്ചേക്കാം, അത് മാര്‍ക്സിസം ലെനിനിസമാണെന്ന് അറിയാത്ത 'പോഴനാ'ണോ( പോഴന്‍ എന്നത് വി.എസിന്റെ സ്ഥിരം പ്രയോഗം) എന്ന്. മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്നും ഇതര മേഖലകളിലേക്ക് ലോക രാഷ്ട്രീയം വളര്‍ന്നത് അംഗീകരിക്കാന്‍ ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകാര്‍ കേരളത്തില്‍ തയ്യാറാവാതിരുന്നിട്ടുണ്ട് അടുത്ത കാലം വരെ. സ്ത്രീപക്ഷം, പരിസ്ഥിതി എന്നിവ ലോകത്തിലെ പല രാജ്യങ്ങളിലെയും രാഷ്ട്രീയത്തിലെ മുഖ്യധാരാ അജണ്ടയായിട്ടും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ അവ ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. കാനഡയിലൊക്കെ പരിസ്ഥിതി മുഖ്യ രാഷ്ട്രീയപ്രത്യയശാസ്ത്രമായ പാര്‍ടികള്‍ തന്നെയുണ്ട്. കേരളത്തില്‍ പരിസ്ഥിതിയും സ്ത്രീപക്ഷ ചിന്തയും രാഷ്ട്രീയപാര്‍ടികളുടെ അജണ്ടയിലേക്ക് വരുന്നത് തന്നെ സമീപകാലത്ത് മാത്രമാണ്. എന്നാല്‍ വി.എസിനെ നിരീക്ഷിച്ചാല്‍ നമുക്കറിയാന്‍ സാധിക്കുന്നൊരു കാര്യം, സ്വന്തം പാര്‍ടി പരിസ്ഥിതി സംരക്ഷണം, സ്ത്രീപക്ഷനീതി എന്നിവ മുഖ്യധാരാവിഷയങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കുന്നതിനു വളരെ വളരെ മുമ്പേ തന്നെ വി.എസിന്റെ മുഖ്യപരിഗണനയില്‍ അവയുണ്ടായിരുന്നു എന്നതാണ്.

വി.എസ്. ആദ്യമായി പാര്‍ടിയില്‍ നിന്നും ഒരു ശിക്ഷാനടപടി ഏറ്റുവാങ്ങുന്നതും പരിസ്ഥിതിക്കൊപ്പം നിലകൊണ്ടതിനാല്‍ ആയിരുന്നു എന്നറിയുക കൗതുകമാണ്. എം.വി.രാഘവനെ ഉള്‍പ്പെടെ വെട്ടിനിരത്തി പാര്‍ടിയില്‍ അജയ്യരൂപമായി നില്‍ക്കവേ, 1988-ല്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായി തിളങ്ങവേ വി.എസിനെ പാര്‍ടി പൊളിറ്റ് ബ്യൂറോ താക്കീത് ചെയ്തത് സൈലന്റ് വാലി പ്രക്ഷോഭത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലായിരുന്നു. അന്ന് സൈലന്റ് വാലി സംരക്ഷണപ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായ ശാസ്ത്രസാഹിത്യപരിഷത്തിന് എതിരായ നിലപാടായിരുന്നു പാര്‍ടിയുടെതും മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെതും. എന്നാല്‍ വി.എസ്. പരിഷത്തിനെ പിന്തുണച്ചു. നിര്‍ദ്ദിഷ്ട സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കും പെരിങ്ങോം ആണവ നിലയത്തിനും എതിരായ നിലപാട് വി.എസ്. എടുത്തു, പരിഷത്തിന് സിപിഎമ്മിനകത്ത് ലഭിച്ച ആധികാരിക പിന്തുണയായിരുന്നു അത്. അതിലൂടെ സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ചു എന്നതായിരുന്നു വി.എസിനെതിരായി ഉയര്‍ന്ന ആരോപണം. ഇതാണ് താക്കീത് ചെയ്യുന്നതിലേക്ക് നയിച്ചത്.

കേരളത്തിലെ സ്ത്രീകളില്‍/ പെണ്‍കുട്ടികളില്‍ വി.എസ്. സൃഷ്ടിച്ചെടുത്ത പിതൃബിംബ / മുത്തച്ഛന്‍ പ്രതിച്ഛായ എടുത്തു പറയേണ്ട ഒന്നാണ്. സ്ത്രീപക്ഷനീതി എന്ന ആശയം രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിയ വി.എസിനെ സൂര്യനെല്ലി കേസ് മുതല്‍ കേരളീയര്‍ കണ്ടു. പിന്നീട് കിളിരൂരിലും വി.എസ്. ഇടിമുഴക്കം സൃഷ്ടിച്ചു. കേസില്‍ വിജയക്കാനാവാതെ ആത്മഹത്യയുടെ വക്കിലേക്ക് നീങ്ങിയ സൂര്യനെല്ലി പെണ്‍കുട്ടിയെയും അവരുടെ മാതാപിതാക്കളെയും സന്ദര്‍ശിച്ച വി.എസ്. കേരളത്തിലെ ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അകതാരില്‍ ഇരിപ്പിടം നേടുകയായിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയെ ചേര്‍ത്തുനിര്‍ത്തി തന്റെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപയെടുത്ത് പിതാവിനെ ഏല്‍പിക്കുകയും അദ്ദേഹം അത് വാങ്ങാന്‍ മടിച്ചപ്പോള്‍ ഇത് മുത്തച്ഛന്‍ കൊച്ചുമകള്‍ക്ക് നല്‍കുന്നതായി കരുതണമെന്നും തന്റെ പെന്‍ഷന്‍കാശില്‍ നിന്നും സ്വരൂപിച്ചു വെച്ചതാണെന്നും സൂചിപ്പിക്കുകയും പോരാട്ടം തുടരണമെന്ന് ധൈര്യപ്പെടുത്തുകയും ചെയ്ത കാര്യം വി എസിനെ അനുസ്മരിച്ചു സുജ സൂസന്‍ ജോര്‍ജ് എഴുതുകയുണ്ടായി.

സ്ത്രീകള്‍ക്കെതിരായ എല്ലാതരം അതിക്രമങ്ങളോടും അതിനിശിതമായ നിലപാട് സ്വീകരിക്കുക വഴി വി.എസ്. കേരളത്തിലെ സ്ത്രീജനങ്ങളില്‍ സൃഷ്ടിച്ച സുരക്ഷിതത്വബോധം അനുപമമായിരുന്നു. അന്ത്യയാത്രയില്‍ വിഎസിനെ കാണാനെത്തിയ ഒട്ടേറെ സ്ത്രീകള്‍ ഇക്കാര്യം എടുത്തു പറഞ്ഞത് ആ പിതൃബിംബം എത്ര ദശാബ്ദം പിന്നിട്ടിട്ടും കേരളമനസ്സാക്ഷിയെ വിട്ടുപോയിരുന്നില്ല എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്.

കേരളത്തില്‍ അഴിമതിയുടെ പേരില്‍ ജയില്‍വാസം അനുഭവിച്ച ഒരേയൊരു രാഷ്ട്രീയ നേതാവ് മാത്രമേയുള്ളൂ. ആ നേതാവിനെ ജയിലിലടച്ചതാവട്ടെ വി.എസ്. അച്യുതാനന്ദന്റെ നിയമപോരാട്ടവും. ആര്‍.ബാലകൃഷ്ണപിള്ള ഇടമലയാര്‍ അഴിമതിക്കേസില്‍ അനുഭവിച്ച ജയില്‍ശിക്ഷ വി.എസ്. എന്ന നേതാവിന്റെ ഇച്ഛാശക്തിയുടെ വിജയം മാത്രമല്ല എതിര്‍പ്പുകളെ കൂസാതെ തന്റെ നിതാന്തലക്ഷ്യം പൂര്‍ത്തീകരിക്കുന്ന നിര്‍ഭയനായ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന മുദ്ര അദ്ദേഹത്തിന് നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിനെ വേരോടെ പിഴുതെറിഞ്ഞ വി.എസ്. അഴിമതിക്കെതിരായ പോരാട്ട പ്രതീകമായി മാറി.

മണ്ണും മനുഷ്യനും വേണ്ടി എക്കാലവും നിലകൊണ്ടു എന്നതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ഭാഗധേയം. വെട്ടിനിരത്തല്‍ എന്ന് പരിഹസിക്കപ്പെട്ട, കുട്ടനാട്ടിലെ യന്ത്രവല്‍ക്കരണം മനുഷ്യന്റെ കാര്‍ഷിക ഉപജീവനം ഇല്ലാതാക്കിയതിനെതിരായ സമരം സത്യത്തില്‍ ഈ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. അഴിമതിക്കെതിരായ സമരം മനുഷ്യനെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായ പോരാട്ടം തന്നെയായിരുന്നു. പരിസ്ഥിതി വിഷയങ്ങളിലെ ചേര്‍ന്നു നില്‍പ് സാധാരണക്കാരനോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള ഐക്യദാര്‍ഢ്യവും, ഇടുക്കിയിലെ പൊമ്പിളൈ ഒരുമൈ സമരത്തിനോടു പുലര്‍ത്തിയ അനുഭാവവും, മൂന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരായ ഓപ്പറേഷനും, മുത്തങ്ങയിലെ ആദിവാസികള്‍ക്കൊപ്പം നിന്നതും, സ്ത്രീകളുടെ മാനം കവരുന്നവരോടുള്ള നിതാന്തരോഷവും, പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അരങ്ങേറുന്നതായി സംശയിക്കപ്പെട്ട ക്രമക്കേടില്‍ രാജഭരണാരാധനയുടെ ചെകിട്ടത്തടിക്കുംവിധമുള്ള സധൈര്യപ്രതികരണങ്ങളും…എല്ലാമെല്ലാം കേരളത്തോടു പറഞ്ഞത് മൂല്യാധിഷ്ഠിതമായൊരു ഇടതുപക്ഷരാഷ്ട്രീയത്തിന്റെ നിലപാടുകളായിരുന്നു. ചെങ്ങറ സമരത്തോട് വി.എസ്. സ്വീകരിച്ച നിലപാട് മാത്രമായിരുന്നു ഏക അപവാദമായി പറയാവുന്നത്.

ഏറ്റെടുക്കുന്ന ഓരോ പോരാട്ടത്തിലും അവസാനം വരെ പോകുക, ആത്മാര്‍ഥമായി പോവുക എന്ന വി.എസിന്റെ നിലപാട് ഒരു പാട് മധ്യവര്‍ഗാഭിമുഖ രാഷ്ട്രീയസുഖിയന്‍മാരെ വെറുപ്പിച്ചെങ്കിലും കേരളത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ ഹീറോ ആക്കി വി.എസിനെ മാറ്റി. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി.എസിനെക്കുറിച്ച് പറഞ്ഞത് വി.എസ്. കേരളത്തിലെ ഏത് വ്യക്തിക്കും ഒരു 'ഫ്രന്‍ഡ്ലി നെയിബര്‍ഹുഡ് പോലീസ്മാന്‍'( a friendly neighbourhood police man) ആയി മാറി എന്നാണ്. ഒരു ഉപാധിയും തടസ്സവുമില്ലാതെ ആര്‍ക്കും എപ്പോഴും സമീപിച്ച് നീതി തേടാവുന്ന ഒരു നിയമപാലകന്‍…വളരെ കൃത്യമായ ഒരു വ്യക്തിത്വനിര്‍വ്വചനമായിരുന്നു അത്. കേരളത്തില്‍ ഇത്തരമൊരു വ്യക്തിപരിണാമം എന്റെയറിവില്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനും സാധ്യമായിട്ടില്ല. വി.എസിനെ ഇനിയും ജനങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ പിതൃ-നീതി-ബിംബത്തിന്റെ ശൂന്യത അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പെരുകുന്നതു കൊണ്ടു തന്നെയായിരിക്കും.

Content Highlights: Narayanan C Thaliyil writes about VS Achuthanandan

dot image
To advertise here,contact us
dot image