
മധ്യപ്രദേശിലെ ജബല്‍പൂര്‍ നഗരത്തില്‍ കുതിരകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുതിരകളെ തുരത്തിയോടിക്കാന്‍ വഴിയാത്രക്കാര്‍ ശ്രമിച്ചെങ്കിലും ഇവ രണ്ടും ഒരു കടയിലേക്ക് ഓടിക്കയറി അവിടെയും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
വീണ്ടും പരിഭ്രാന്തി പരത്തി റോഡിലൂടെ പാഞ്ഞ കുതിരകളില്‍ ഒരെണ്ണം അതുവഴി യാത്രക്കാരനുമായി പോയ ഇ റിക്ഷയിലേക്ക് ചാടിക്കയറുകയായിരുന്നു. റിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏറെനേരം റിക്ഷയില്‍ കുതിര കുടുങ്ങി കിടക്കുകയും ചെയ്തു. പരസ്പരമുള്ള ആക്രമണത്തില്‍ കുതിരകള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന കുതിരകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കുതിരകള്‍ തമ്മിലുള്ള പോരുകളും സ്ഥിരമാണെന്നും ഇവര്‍ പറയുന്നുണ്ട്. കുതിരകളുടെ ഉടമകള്‍ക്കതിരെയും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇവ ഉണ്ടാക്കുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഇവര്‍ക്കാണെന്നും അലഞ്ഞു തിരിയുന്ന കുതിരകളെ ഒഴിവാക്കാനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയുമാണ്.
Content Highlights: Horses fight in Madya Pradesh