തെലുങ്കിൽ ഹിറ്റുകളുടെ പൂരം, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ, ആരാധകരോട് നന്ദിയുണ്ടെന്ന് ദുൽഖർ

ലക്കി ഭാസ്കറിന്‍റെ നേട്ടത്തില്‍ തന്‍റെ തെലുങ്ക് ആരാധകരോട് ദുല്‍ഖര്‍ നന്ദി പറഞ്ഞു

dot image

മലയാളത്തിനപ്പുറം തെലുങ്കിലും ആരാധകരെ സമ്പാദിച്ച നടനാണ് ദുൽഖർ സൽമാൻ. നടന്റെ തെലുങ്കിലെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുകൾ ഒക്കെയും ഹിറ്റുകളാണ്. മഹാ നടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകൾ എല്ലാം തെലുങ്കിൽ ദുൽഖറിന് ബലമുള്ള അടിത്തറ ഉണ്ടാക്കിയെടുക്കാൻ സഹായിച്ചിട്ടുണ്ട്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ദുൽഖർ ചിത്രം ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.

ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അവാർഡ് ദാന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ തന്റെ തെലുങ്ക് ആരാധകരോട് നന്ദി അറിയിക്കുകയാണ് ദുൽഖർ. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമവും നടൻ അറിയിച്ചിട്ടുണ്ട്.

'തെലുങ്ക് സിനിമയിലെ എന്റെ യാത്ര അസാധാരണമാണ്. ഏറ്റവും നല്ല കഥകൾ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ കണ്ടെത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ വേഷങ്ങൾ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ട്. ഞാൻ അഭിനയിച്ച ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാവരും അവരവരുടെ വർഷങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത് കാണുന്നത് സന്തോഷമാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിക്കും, തെലങ്കാന സർക്കാരിനും, ബഹുമാനപ്പെട്ട ജൂറിക്കും, ഓരോ സിനിമയിലെയും എന്റെ ഒപ്പം പ്രവർത്തിച്ചവർക്കും തെലുങ്ക് സിനിമയെ സ്നേഹിക്കുന്നവർക്കും എന്റെ ഹൃദയംഗമമായ നന്ദി. ഈ സ്വീകാര്യതയ്ക്കും, ഈ അംഗീകാരത്തിനും, അഭിനന്ദനത്തിനും നന്ദി. നിർഭാഗ്യവശാൽ എനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എനിക്ക് അത് വലിയ നഷ്ടമാണ്,' ദുൽഖർ പറഞ്ഞു.

പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അർജുനാണ് മികച്ച നടനുള്ള പുരസ്കാരം. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം 'കൽക്കി 2898 എഡി' എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും ആണ്. 1,248 നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 11 വിഭാഗങ്ങളിലെ അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമ വിഭാഗത്തിനായി പരിഗണിച്ചത്.

Content Highlight: Dulquer thanks fans for Gaddar's Telangana Film Awards win

dot image
To advertise here,contact us
dot image