
ന്യൂഡല്‍ഹി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സാനു മാഷിന്റെ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പറഞ്ഞറിയിക്കാന്‍ പറ്റാത്ത നഷ്ടമാണെന്ന് എം എ ബേബി പറഞ്ഞു.
വ്യക്തിപരമായി പരിചയമുള്ള വ്യക്തിയാണ് സാനു മാഷ്. നിരവധി വേദികള്‍ ഒരുമിച്ച് പങ്കിടാന്‍ അവസരം ലഭിച്ചിരുന്നു. അസ്തമിക്കാത്ത വെളിച്ചം എന്ന സാനു മാഷിന്റെ പുസ്തകമുണ്ട്. ആ പേര് അദ്ദേഹത്തിന് കൂടി അര്‍ഹതപ്പെട്ടതാണ്. ഏറ്റവും സജീവമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും എം എ ബേബി പറഞ്ഞു. ഇന്ന് വൈകിട്ട് 5.48 ഓടെയായിരുന്നു എം കെ സാനുവിൻ്റെ മരണം. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
Content Highlights- MA Baby expresses condolences on the passing of 'The Light That Never Sets' Sanu Mash