
ദിനേശ് ബാബു സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബന്‍, പ്രീതി ജാംഗിയാനി, വിനീത് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വീണ എന്ന കഥാപാത്രമായി പ്രീതിയെത്തിയപ്പോള്‍ വിജയ് കൃഷ്ണന്‍ ആയി വിനീതുമെത്തി. ഇപ്പോഴിതാ പ്രീതിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.
ദുബായില്‍ വെച്ചാണ് വിനീതും പ്രീതിയും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പും വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'വൗ! പ്രീതി ജാംഗിയാനിയുമായി വളരെ സര്‍പ്രൈസ് ആയ കണ്ടുമുട്ടല്‍. മഴവില്ലിലെ ഒരുപാട് നല്ല ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവന്ന കണ്ടുമുട്ടല്‍', വിനീത് കുറിച്ചു.
ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരത്തിനൊപ്പമുള്ള വിനീതിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇരുവര്‍ക്കുമൊപ്പം കുഞ്ചാക്കോ ബോബനും കൂടി വേണമായിരുന്നു എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ഭര്‍ത്താവിനെ ഏറെ സ്നേഹിക്കുന്ന വളരെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയായിട്ടാണ് മഴവില്ലില്‍ 'വീണ' എന്ന കഥാപാത്രത്തെ പ്രീതി അവതരിപ്പിച്ചിരിക്കന്നത്. കുഞ്ചാക്കോ ബോബനും പ്രീതിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വില്ലന്‍ കഥാപാത്രമാണ് വിനീത് മഴവില്ലില്‍ എത്തിയത്.
പ്രശസ്തയായ മോഡലും ബോളിവുഡ് നടിയുമാണ് പ്രീതി. തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലാണ് പ്രീതി താമസിക്കുന്നത്. ഓസ്ട്രിയ എന്ന ലൊക്കേഷനാണ് തന്നെ മഴവില്ല് എന്ന സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് പ്രീതി ഒരു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുണ്ട് ഇപ്പോള്‍ സംരംഭക കൂടിയാണ് പ്രീതി.
Content Highlights: Vineeth meets Mazhavillu movie actress Preeti Jhangiani at Dubai