
തനിക്കെതിരെ നിരന്തരമായി അധിക്ഷേപം നടത്തുകയും മോശം കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത ആളെ വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നതെന്ന് സുപ്രിയ കുറിച്ചു. ക്രിസ്റ്റീനയുടെ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
ഇവരെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് തനിക്ക് അറിവ് ലഭിച്ചിരുന്നെന്നും എന്നാൽ പരാതിയുമായി മുന്നോട്ട് പോകാത്തത് ഇവർക്ക് ഒരു ചെറിയ മകനുള്ളതുകൊണ്ടാണെന്നും സുപ്രിയ കുറിച്ചു. 'ഇത് ക്രിസ്റ്റീന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിലെല്ലാം മോശമായ കമന്റ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവർ നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്.
വർഷങ്ങൾക്ക് മുൻപ് ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ അവർ ഒരു ചെറിയ മകനുള്ളതിനാൽ പരാതിപ്പെടേണ്ട എന്ന് കരുതി വിട്ടു. ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽറ്റർ പോലും 2018 മുതൽ ഇവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാൻ കഴിയില്ല', സുപ്രിയ ഇൻസ്റ്റയിൽ കുറിച്ചു.
ഇതിന് മുൻപും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിച്ചയാളെ കണ്ടെത്തിയതായി സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Supriya menon revels person who posted bad comments about her