ടൊവിനോയുടെ കരിയർ ബെസ്റ്റ്, മലയാളത്തിന്റെ 'വിടുതലൈ'; ഞെട്ടിച്ച് 'നരിവേട്ട', ആദ്യ പ്രതികരണങ്ങൾ

ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്

dot image

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം നരിവേട്ട തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഗംഭീര സോഷ്യോ-പൊളിറ്റിക്കൽ ചിത്രമാണ് നരിവേട്ട എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ടൊവിനോ തോമസിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നടന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ഈ സിനിമയിലുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നു.

അനുരാജ് മനോഹറിന്റെ സംവിധാന മികവിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ചേർത്ത് ബ്രില്യന്റായ തിരക്കഥ ഒരുക്കുകയും അതിനെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ സാങ്കേതിക മേഖലകളും ഒരുപോലെ തിളങ്ങിയിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. 'മലയാളത്തിന്റെ വിടുതലൈ' എന്നാണ് നരിവേട്ടയെക്കുറിച്ച് ഒരു പ്രേക്ഷകൻ കുറിച്ചത്.

ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ താളത്തിനൊപ്പം സഞ്ചരിക്കുകയും അതിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട് ജേക്സിന്റെ സംഗീതം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട് ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Content Highlights: Narivetta movie audience response

dot image
To advertise here,contact us
dot image