
കൊച്ചി: പരോള്‍ ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്ത് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ പരോള്‍ വേണമെന്നായിരുന്നു ആവശ്യം. കൊലപാതകക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുഞ്ഞിന്റെ ജനന സമയത്തും പത്ത് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അണ്ണന്‍ സിജിത്ത്.
പരോളിൽ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സിജിത്തിന്റെ വിവാഹവും. ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എന്നിവരും പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം കഴിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കായിരുന്നു ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്.
രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം വീതം പരോള്‍ ലഭിച്ചിരുന്നു. ടി കെ രജീഷ് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം സി അനൂപിന്900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്‍ ലഭിച്ചു.
Content Highlights: T P Chandrasekharan case accused Annan Sijith plea for parole is Rejected