ഒരു സമയത്ത് ഏറ്റവും കൂടുതൽ തിയേറ്ററിൽ കണ്ടത് സൂര്യയുടെ സിനിമകൾ, ഒരുമിച്ച് വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്: ലോകേഷ്

'2000 - 2006 കാലഘട്ടത്തിൽ ഞങ്ങൾ ഏറ്റവും കൂടുതൽ തിയേറ്ററിൽ പോയി കണ്ടത് സൂര്യ സാറിന്റെ സിനിമകളാണ്'

dot image

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാപ്രേമികളെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്, കാർത്തി, കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം ലോകേഷ് സിനിമകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടൻ സൂര്യക്കൊപ്പം വർക്ക് ചെയ്യണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ് ലോകേഷ്.

സൂര്യ സാറിനൊപ്പം വർക്ക് ചെയ്യാൻ താൽപര്യമുണ്ടെന്നും ഒരു കാലത്ത് താൻ ഏറ്റവും കൂടുതൽ തിയേറ്ററിൽ പോയി കണ്ട സിനിമകൾ സൂര്യയുടേതാണെന്നും ലോകേഷ് പറഞ്ഞു. 'സൂര്യ സാറിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. 2000 - 2006 കാലഘട്ടത്തിൽ ഞങ്ങൾ ഏറ്റവും കൂടുതൽ തിയേറ്ററിൽ പോയി കണ്ടത് സൂര്യ സാറിന്റെ സിനിമകളാണ്. ആ സമയത്ത് അദ്ദേഹത്തിന്റേതായി വന്ന കാഖ കാഖ, പിതാമഹൻ, മായാവി, ആയുധ എഴുത്ത് തുടങ്ങിയ സിനിമകളൊക്കെ ഹിറ്റായിരുന്നു. പക്ഷെ എനിക്കും അദ്ദേഹത്തിനും ഇപ്പോഴത്തെ കമ്മിറ്റ്മെന്റ് എല്ലാം കഴിഞ്ഞു ഫ്രീ ആയാൽ മാത്രമേ ഒരു സിനിമയ്ക്കായി ഒന്നിക്കാൻ കഴിയൂ', ലോകേഷ് പറഞ്ഞു. അതേസമയം, വിക്രം എന്ന സിനിമയിൽ റോളെക്‌സ്‌ എന്ന കഥാപാത്രമായി സൂര്യ കാമിയോ വേഷത്തിൽ എത്തിയിരുന്നു. ഗംഭീര പ്രതികരണമായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്.

രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.

നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlight: I want to work with suriya sir says lokesh

dot image
To advertise here,contact us
dot image