
നിർമ്മാതാവ് പി എസ് ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് പരാതി നൽകി നിവിൻ പോളി. വ്യാജ ഒപ്പിട്ട് ആക്ഷൻ ഹീറോ ബിജു 2 വിൻ്റെ ടൈറ്റിൽ സ്വന്തമാക്കി എന്നാണ് പരാതി. നിവിൻ പോളി, എബ്രിഡ് ഷൈൻ, ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ അവകാശങ്ങൾ നിവിൻ പോളിയുടെ നിർമ്മാണ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഈ രേഖകൾ മറച്ചുവച്ച് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കി എന്ന് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം പി എസ് ഷംനാസിനെതിരെ നിവിൻ പോളിയുടെ പരാതിയിൽ കേസെടുത്തിരുന്നു. പരാതിയെത്തുടർന്ന് നിർമാതാവിനെതിരെ പാലാരിവട്ടം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. നേരത്തെ, എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് നേരത്തെ കേസ് നല്‍കിയിരുന്നു.
ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. നിവിൻ പോളിയുടെ 'പോളി ജൂനിയർ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നൽകിയ പരാതിയിൽ പറയുന്നുണ്ടായിരുന്നു.
Content Highlights: Nivin Pauly files complaint against producer at Film Chamber