
May 21, 2025
07:06 PM
നടൻ മോഹൻലാലിന് ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസ്സി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളറാണ് അർജന്റീനിയൻ താരമായ ലയണൽ മെസ്സി.
'ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾകൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു - ഇതിഹാസം , ലയണൽ മെസ്സി ഒപ്പിട്ട ഒരു ജഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസ്സിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്ക്ക് ലഭിച്ചത്..ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി', എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിലെത്തിയാണ് ജേഴ്സി ഇവർ മോഹൻലാലിനു കൈമാറിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം മോഹൻലാലിനെ മാത്രമല്ല സത്യൻ അന്തിക്കാടിനെ അടക്കം അദ്ഭുതപ്പെടുത്തി. ഒട്ടേറെ ആളുകളാണ് മോഹൻലാലിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തുന്നത്.
Content Highlights: Mohanlal gets autograph by Messi actor shares video