
'നീ പൊലീസിനോട് പറ, ഞാൻ വക്കീലുമായി വരാം…' ഈ ഡയലോഗിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ലല്ലോ. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഡയലോഗാണിത്. 2011 ൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന സിനിമയിലെ നിർണ്ണായക സീനിൽ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ജോർജുകുട്ടി മോഹൻലാലിന്റെ ക്രിസ്റ്റിയോട് ഈ ഡയലോഗ് പറയുമ്പോൾ അവർ ചിന്തിച്ചുപോലും കാണില്ല ഈ ഡയലോഗ് പിൽകാലത്ത് ന്യൂ ജെൻ പിള്ളേര് എടുത്ത് ആഘോഷിക്കുമെന്ന്. കുറച്ചധികം നാളുകളായി ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഓടുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിനെക്കുറിച്ച് രസകരമായ ചില ചർച്ചകളും ട്രോളുകളും സജീവമായിരിക്കുകയാണ്. ഒപ്പം സുരേഷ് കൃഷ്ണയ്ക്ക് ഒരു പുതിയ പേരും സോഷ്യൽ മീഡിയ നൽകിയിട്ടുണ്ട്, 'കൺവിൻസിംഗ് സ്റ്റാർ'.
സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങൾ ഇത് ആദ്യമായല്ല മറ്റു കഥാപാത്രങ്ങളെ ഇത്തരത്തിൽ 'കൺവിൻസ്' ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 2010 ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന സിനിമയിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് കൃഷ്ണയായിരുന്നു. സിനിമയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ സിദ്ദിഖും ലെനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ച ശേഷം സിദ്ദിഖ് നാടുവിട്ടുപോകുന്നതായി കാണിക്കുന്നുണ്ട്. അവിടെ ലെനയുടെ സരസ്വതി എന്ന കഥാപാത്രത്തെ താൻ പറഞ്ഞ് മനസിലാക്കാം എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുന്ന സുരേഷ് കൃഷ്ണ പിന്നീട് ലെനയെ കൊല്ലുന്നതായി കാണിക്കുന്നുണ്ട്.
എന്നാൽ ആ ചിത്രവുമല്ല, അതിനും മുന്നേ അദ്ദേഹം കൺവിൻസിംഗ് സ്റ്റാറായിട്ടുണ്ട് എന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2006 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തുറുപ്പുഗുലാനിൽ സുരേഷ് കൃഷ്ണ വില്ലന്മാരിൽ ഒരാളാണ്. ദേവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പഞ്ച നക്ഷത്ര ഹോട്ടൽ തട്ടിയെടുക്കാനായി ഗാവൻ ജോസഫ് എന്ന അധോലോക കുറ്റവാളിയെ കൊണ്ടുവരുന്നുണ്ട് സുരേഷ് കൃഷ്ണ. ഈ കഥാപാത്രത്തിനോട് ഹോട്ടൽ സ്വന്തമാക്കിയാൽ അതിന്റെ പകുതി ഷെയർ നൽകാമെന്ന് പറഞ്ഞുകൊണ്ടാണ് ഈ കഥാപാത്രത്തിനെ കൊണ്ടുവരുന്നത്. എന്നാല്‍ പിന്നീട് ഗാവൻ ജോസഫിനെ സുരേഷ് കൃഷ്ണയും സംഘവും കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതാണ് കൺവിൻസിംഗ് സ്റ്റാറിന്റെ തുടക്കം എന്നാണ് അവർ പറയുന്നത്.
രാമലീല എന്ന സിനിമയിലും ഇത്തരമൊരു കൺവിൻസിംഗ് ഉണ്ട്, എന്നാൽ അവിടെ സുരേഷ് കൃഷ്ണ നായകനൊപ്പമാണ് എന്നും ഒരാൾ പറയുന്നു. സിനിമയിൽ മുകേഷിന്റെ പൊലീസ് കഥാപാത്രം വിജയരാഘവന്റെ കൊലപാതകം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി, 'ഉദയഭാനു(സിദ്ദിഖ്) ഫുട്ബോൾ മത്സരത്തിന്റെ കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നോ' എന്ന് ചോദിക്കുമ്പോൾ ഇല്ലെന്ന് പറഞ്ഞ് അയാളെ സുരേഷ് കൃഷ്ണ കൺവിൻസ് ചെയ്യുന്നുണ്ട്. പിന്നീട് സിനിമയുടെ മർമ്മപ്രധാനമായ ട്വിസ്റ്റിൽ കൊലപാതകത്തിന് നായകനെ സഹായിക്കുന്നത് സുരേഷ് കൃഷ്ണയാണെന്ന് കാണിക്കുന്നുണ്ട്. നായകന്റെ സൈഡോ വില്ലന്റെ സൈഡോ, ആരുടെ സൈഡ് നിന്ന് വേണമെങ്കിലും കൺവിൻസിംഗ് സ്റ്റാർ കൺവിൻസ് ചെയ്തുകൊടുക്കും എന്നാണ് കമന്റ്.
മാത്രമല്ല താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഈ കൺവിൻസിംഗ് സ്റ്റാർ പരിപാടികളുണ്ടെന്നാണ് മറ്റുചിലരുടെ കണ്ടെത്തൽ. എന്ത് തന്നെയായാലും സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങൾ ഇപ്പോൾ ട്രെന്റിങായി കഴിഞ്ഞു. 'ചീറ്റിംഗ് സ്റ്റാറിനും ഡെത്ത് സ്റ്റാറിനും വിശ്രമിക്കാം, ഇനി കൺവിൻസിംഗ് സ്റ്റാർ സോഷ്യൽ മീഡിയ ഭരിക്കും' എന്നാണ് പ്രധാന കമന്റ്. ഒപ്പം നടന്റെ കഥാപാത്രങ്ങളുടെ പല മീമുകളും ഇറങ്ങുന്നുണ്ട്.