
രാഷ്ട്രീയവും സിനിമയും ഇടകലർന്ന ജീവിതത്തിലേക്ക് പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും. നീണ്ട കാലത്ത പ്രണയസാഫല്യം വലിയ ആഘോഷങ്ങളോടെയാണ് നടന്നത്. ഏറെ പ്രത്യേകതകളുള്ള വിവാഹമായിരുന്നു പരിനീതിയുടേത്. ഉദയ്പൂരിലെ പിച്ചോള തടാകത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ലീല പാലസ് എന്ന അതിമനോഹരമായ കൊട്ടാര സമുച്ഛയത്തിലാണ് രാഘവ് ഛദ്ദയുടെയും പരിനീതിയുടെയും രാജകീയ വിവാഹം നടന്നത്.
ഐവറി നിറത്തിലുള്ള ലഹങ്കയാണ് പരിനീതി അണിഞ്ഞത്. പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് വധൂവരന്മാരുടെ വിവാഹ വസ്ത്രം ഒരുക്കിയത്. പരിനീതി ധരിച്ച ദുപ്പട്ടയിൽ രാഘവ് എന്ന് സ്വർണ നൂലുകളാൽ ദേവനാഗരി ലിപിയിൽ എമ്പ്രോയ്ഡറി ചെയ്തതും ശ്രദ്ധേയമായിരുന്നു. ബദ്ല എന്നറിയപ്പെടുന്ന ഡിസൈനാണ് ലെഹങ്കയുടേത്. 2500 മണിക്കൂറുകളെടുത്താണ് വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത്.
മറ്റൊന്ന് താരത്തിന്റെ ആഭരണങ്ങളാണ്. സാംബിയൻ, റഷ്യൻ മരതകങ്ങളും ഡയമണ്ടുകളും പതിപ്പിച്ച ആഭരണമാണ് പരിനീതി അണിഞ്ഞത്. വധു കൈകളിൽ അണിഞ്ഞിരുന്ന കലീറയിൽ പരിനീതിയുടെയും രാഘവിന്റെയും പ്രണയകഥയിൽ നിന്നുള്ള ഘടകങ്ങളാണ് ഉണ്ടായിരുന്നു(കോഫി മഗ്, കപ്കേക്ക്, ടെലിഫോൺ ബൂത്ത്, പിയാനോ, ഗ്രാമഫോൺ തുടങ്ങിയവയുടെ ചിത്രങ്ങൾ).
വിവാഹത്തിനെത്തിയ അതിഥികളെ പ്രത്യേകം സെക്യൂരിറ്റി പരിശോധനകൾക്ക് ശേഷമാണ് പാലസിലേക്ക് കടത്തിവിട്ടത്. അതിഥികൾക്ക് വിവാഹ ചിത്രങ്ങളെടുക്കാനുള്ള വിലക്കുമുണ്ടായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സാനിയ മിർസ, ഹർഭജൻ സിംഗ്, കരൺ ജോഹർ തുടങ്ങി സിനിമ-സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേരാണ് ചടങ്ങിനെത്തിയത്. പരിനീതിയുടെ അടുത്ത ബന്ധുവായ പ്രിയങ്ക് ചോപ്ര വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. സഹോദരിക്ക് വിവഹാമംഗളാശംസകൾ നേർന്ന് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. വിവാഹത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക