രൂപവും ഭാവവും അതുതന്നെ; സാൻഡിയാഗോ കോമിക് കോണിൽ സൂപ്പർ ഹീറോ 'മിന്നൽ മുരളി'

dot image

ലോകവ്യാപകമായി ജനഹൃദയങ്ങൾ കീഴടക്കിയ മലയാള സിനിമയുടെ സ്വന്തം സൂപ്പർ ഹീറോ 'മിന്നൽ മുരളി' പ്രശസ്ത സാൻഡിയാഗോ കോമിക് കോണിൽ. ഒപ്പം ഇന്ത്യയിലെ പ്രശസ്ത കോമിക് മാഗസിനായ ടിങ്കിളിലും അമർ ചിത്രകഥയിലും മിന്നൽ മുരളി എത്തും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയെ കോമിക് കഥാപാത്രമായി പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

ഏഷ്യൻ അക്കാദമി ക്രിയേറ്റിവ് പുരസ്കാരം അടക്കം ബഹുമതികൾ നിരവധി സ്വന്തമാക്കിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഇതിനോടകം സിനിമയ്ക്ക് തുടർച്ചയുണ്ടാകുമെന്നുള്ള സൂചനകൾ അണിയറക്കാർ നൽകിയിട്ടുണ്ടെങ്കിലും എന്ന് എന്നത് വ്യക്തമല്ല. നിലവിൽ അഭിനയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ബേസിലിനോട് സംവിധായകന്റെ കുപ്പായം ധരിക്കൂ എന്നും പ്രേക്ഷകർ കമന്റിലൂടെ പ്രതികരിക്കുന്നുണ്ട്.

2021 ഡിസംബർ 16-നാണ് മിന്നൽ മുരളി റിലീസിനെത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ വരാഞ്ഞതിന്റെ നിരാശ പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഒടിടിയിലൂടെ പുറത്തിറങ്ങിയതുകൊണ്ടു മാത്രമാണ് സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രമെത്തിയതെന്ന് സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. മിന്നൽ മുരളി 2, അതിന്റെ തിരക്കഥ കൊണ്ടും നിർമ്മാണം കൊണ്ടും വലിയ സ്കെയിലിലായിരിക്കും ഒരുങ്ങുന്നതെന്നാണ് ബേസിൽ പറഞ്ഞിരിക്കുന്നത്.

dot image
To advertise here,contact us
dot image