
വാഷിങ്ടണ്‍: വീണ്ടും തീരുവ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേല്‍ 25% ഇറക്കുമതി തീരുവ ചുമത്താനാണ് തീരുമാനം. അടുത്ത മാസം ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍ വരും. ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ തീരുവ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കില്‍ തീരുവ പുനഃക്രമീകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ജപ്പാനും ദക്ഷിണ കൊറിയയും ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ച് പ്രതികാരം ചെയ്യരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏപ്രിലില്‍ താന്‍ മാറ്റിവെച്ച തീരുവ ചുമത്തുമെന്ന് അറിയിച്ച് 15 കത്തുകള്‍ രാജ്യങ്ങള്‍ക്ക് അയക്കുമെന്ന് കഴിഞ്ഞയാഴ്ച തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. താരിഫുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കത്തില്‍ പറയുന്നു.
ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപ് താരിഫിന്റെ കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമയച്ച കത്തും അദ്ദേഹം പങ്കുവെച്ചിരുന്നു. ജപ്പാനും സൗത്ത് കൊറിയയും അവരുടെ വ്യാപാര നയങ്ങള്‍ മാറ്റുകയാണെങ്കില്‍ തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പെട്ടെന്ന് ഒരു ഒത്തുതീര്‍പ്പിലെത്തില്ലെന്ന് കഴിഞ്ഞ ദിവസം ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെറു ഇഷിബ പറഞ്ഞിരുന്നു.
ഇന്ത്യയ്ക്കും ട്രംപില്‍ നിന്നും കത്ത് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights: Donald Trump impose 25 percentage Tariff to South Korea and Japan