ശമ്പളം 90000 രൂപ, ചെലവ് 25000, സേവിങ്‌സ് 65000; സര്‍ക്കാര്‍ ജീവനക്കാരിയുടെ ബജറ്റ് വൈറല്‍

ഹൗസ് മെയ്ഡിനുള്ള 5,000 രൂപയില്‍ 2500 ആണ് കൃതികയുടെ ഷെയര്‍. പുറത്തുനിന്ന് പരമാവധി 2000 രൂപയുടെ ഭക്ഷണം മാത്രമാണ് ഒരുമാസം കഴിക്കാറുള്ളത്

ശമ്പളം 90000 രൂപ, ചെലവ് 25000, സേവിങ്‌സ് 65000; സര്‍ക്കാര്‍ ജീവനക്കാരിയുടെ ബജറ്റ് വൈറല്‍
dot image

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ജീവിതച്ചെലവ് അത്ര ചെറുതല്ലെന്ന വാദമാണ് പൊതുവേ നാം കേട്ടിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരായാലും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരായാലും മാസാവസാനം കൈയില്‍ ഒന്നും അവശേഷിക്കാറില്ലെന്നും പൊതുവേ കേള്‍ക്കാറുണ്ട്. വാടക, യാത്രക്കൂലി, വീട്ടുചെലവ്, റീചാര്‍ജുകള്‍ എന്നിങ്ങനെ ഒരുമാസത്തെ ചെലവിന്റെ പട്ടിക നീളുന്നു. എന്നാല്‍ 25,000 രൂപയില്‍ ചെലവ് ഒതുക്കാമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്.

ഡല്‍ഹി സര്‍ക്കാരില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറായി ജോലി ചെയ്യുന്ന കൃതികയാണ് തന്റെ പ്രതിമാസ ചെലവുകള്‍ പങ്കുവെച്ചത്. 28കാരിയായ കൃതിക, ഫ്‌ളാറ്റ്‌മേറ്റിനൊപ്പം 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ഇതിനായി മാസം 11,500 രൂപയാണ് ചെലവ്. ഏറ്റവും വലിയ ഫിക്‌സ്ഡ് ചെലവ് താമസത്തിനാണ് വരുന്നത്. പാചകത്തിനും വീട്ടുജോലിക്കായി ഒരാളെ നിര്‍ത്തിയിട്ടുണ്ട്. ഹൗസ് മെയ്ഡിനുള്ള 5,000 രൂപയില്‍ 2500 ആണ് കൃതികയുടെ ഷെയര്‍. പുറത്തുനിന്ന് പരമാവധി 2000 രൂപയുടെ ഭക്ഷണം മാത്രമാണ് ഒരുമാസം കഴിക്കാറുള്ളത്.

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി 4000 മുതല്‍ 5000 രൂപ വരെയാണ് ചെലവ്. ബ്ലിങ്കിറ്റും സെപ്‌റ്റോയും പോലുള്ള ആപ്പുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചെലവ് ഉള്‍പ്പെടുത്തിയുള്ള തുകയാണിത്. ഓഫിസിലേക്ക് പോകാന്‍ എല്ലാദിവസവും സ്‌കൂട്ടറാണ് ഉപയോഗിക്കുന്നത്. ഇതിനായി മാസം 1,500 രൂപയാണ് ചെലവ്. വസ്ത്രങ്ങള്‍ക്കും പേഴ്‌സനല്‍ കെയര്‍ പ്രോഡക്ട്‌സിനുമായി 3000 മുതല്‍ 4000 രൂപ വരെയാണ് ചെലവ്. ഡല്‍ഹിയില്‍ വീട്ടുപയോഗത്തിനുള്ള വൈദ്യുതി സൗജന്യമാണെന്നും കൃതിക പറയുന്നു.

ഇത്തരത്തില്‍ സാധാരണയായി ഉണ്ടാകുന്ന ചെലവ് 25,000 രൂപയോളമാണ്. അവധി ദിവസങ്ങളിലുണ്ടാകുന്ന അധിക ചെലവോ ഫര്‍ണിച്ചറുകള്‍ പോലുള്ള വാങ്ങാന്‍ വേണ്ടിവരുന്ന ചെലവോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കൃതിക വ്യക്തമാക്കി. 2022ല്‍ സ്റ്റാഫ് സെലക്ഷന്‍ കമീഷന്റെ കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ എഴുതിയാണ് കൃതിക സര്‍ക്കാര്‍ സര്‍വീസിലെത്തിയത്. നിലവില്‍ ലെവല്‍-7 ഉദ്യോഗസ്ഥയായ കൃതികക്ക് 90,000 രൂപയാണ് മാസം ശമ്പളമായി വാങ്ങുന്നത്. ചെലവ് കഴിഞ്ഞ് 65,000 രൂപ കൃതിക സമ്പാദ്യത്തിലേക്ക് മാറ്റിവെക്കുന്നത്.

വിഡിയോക്ക് കീഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ചിലര്‍ മികച്ച മണി മാനേജ്‌മെന്റ് ആണ് കൃതികയുടേതെന്ന് പറയുമ്പോള്‍, കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനെ ചിലര്‍ അഭിനന്ദിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെയാകില്ല സ്ഥിതിയെന്നും കുടുംബമായി ജീവിക്കുന്നവര്‍ക്ക് ചെലവ് കൂടുമെന്നും കമന്റുണ്ട്. അതേസമയം എല്ലാവര്‍ക്കും ഇത്രയും തുക മാസം സമ്പാദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

Content Highlights: A Delhi government employee has gone viral for spending Rs 25,000 a month from her Rs 90,000 salary. She shared a detailed expense breakdown on Instagram, leaving many users surprised at her Rs 65,000 monthly savings.

dot image
To advertise here,contact us
dot image