സിദ്ധാർത്ഥിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചു, റോഡിലിട്ട് ചവിട്ടി, ഇതാണോ പ്രബുദ്ധ കേരളം?; പ്രതികരിച്ച് ജിഷിൻ മോഹൻ

ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനമോടിച്ച ആളല്ല സിദ്ധാര്‍ത്ഥ് എന്നും മിക്കവാറും എല്ലാവരും ക്രിസ്മസ് ന്യൂഇയര്‍ സമയത്തൊക്കെ മദ്യപിച്ച് വാഹനമോടിക്കുന്നവരാണെന്നും ജിഷിന്‍ പറഞ്ഞു

സിദ്ധാർത്ഥിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചു, റോഡിലിട്ട് ചവിട്ടി, ഇതാണോ പ്രബുദ്ധ കേരളം?; പ്രതികരിച്ച് ജിഷിൻ മോഹൻ
dot image

കൊച്ചി: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ലോട്ടറി വില്‍പ്പനക്കാരന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജിഷിന്‍ മോഹന്‍. സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതിനെ കുറച്ചുകാണുന്നില്ല എന്നാല്‍ നാട്ടുകാരുടെ പ്രവൃത്തി കണ്ട് ലജ്ജ തോന്നുന്നു എന്നാണ് ജിഷിന്‍ പറയുന്നത്. സിദ്ധാര്‍ത്ഥിനെ പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുകയായിരുന്നുവെന്നും അവന്‍ കലാകാരനായതുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ജിഷിന്‍ പറഞ്ഞു. ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനമോടിച്ച ആളല്ല സിദ്ധാര്‍ത്ഥ് എന്നും മിക്കവാറും എല്ലാവരും ക്രിസ്മസ് ന്യൂഇയര്‍ സമയത്തൊക്കെ മദ്യപിച്ച് വാഹനമോടിക്കുന്നവരാണെന്നും ജിഷിന്‍ പറഞ്ഞു.

'സിദ്ധാര്‍ത്ഥ് മദ്യപിച്ച് വാഹനം ഓടിച്ചിട്ട് ആ വാഹനം ഒരാളെ തട്ടി. അതിനെ ലഘൂകരിക്കുന്നില്ല. അതില്‍ ഭീകരമായി തോന്നിയത് നാട്ടുകാരുടെ പ്രവൃത്തിയാണ്. ഒരാളെ വണ്ടി തട്ടിയാല്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കാം. പക്ഷെ അവര്‍ അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ പ്രബുദ്ധമായ കേരളം? മധുവിനെ തല്ലിക്കൊന്നു എന്ന് പറഞ്ഞ് പരിതപിച്ചവരൊക്കെ എവിടെ? ഇപ്പോള്‍ പരിതാപമൊന്നും ഇല്ലേ ആര്‍ക്കും? അവനൊരു ആര്‍ട്ടിസ്റ്റാണ്, സെലിബ്രിറ്റിയാണ്. അവരെ അപ്പോ മാക്‌സിമം ചവിട്ടിത്താഴ്ത്തണം. അതാണല്ലോ വേണ്ടത്. അവന്‍ ചെയ്തതുകൊണ്ടല്ലേ അങ്ങനെ അവനോട് ചെയ്തതെന്ന് ചിലര്‍ ചോദിക്കുമായിരിക്കും. നാട്ടുകാര്‍ ഇത് ചെയ്യാന്‍വേണ്ടിയാണോ? ഇവിടെ പൊലീസും കോടതിയുമൊന്നുമില്ലേ? ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനം ഓടിച്ച ആളൊന്നുമല്ല സിദ്ധാര്‍ത്ഥ്. ക്രിസ്മസ് ന്യൂഇയര്‍ സമയത്തൊക്കെ മിക്കവാറും എല്ലാവരും മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്. അത് നല്ലതാണെന്ന് പറയുകയോ അനുകൂലിക്കുകയോ അല്ല. പക്ഷെ അതില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ ചവിട്ടിക്കൂട്ടി നടുറോഡിലിട്ട് വലിച്ചിഴച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചിട്ടില്ല. പ്രബുദ്ധ കേരളമാണ് പോലും. നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു കേരളത്തോട്': ജിഷിന്‍ മോഹന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥ് പ്രഭുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ നടനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അന്ന ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. 2021-ലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന ഡിജെ പാര്‍ട്ടിയില്‍ സിദ്ധാര്‍ത്ഥ് പ്രഭുവും ഉണ്ടായിരുന്നു എന്നാണ് അന്ന ജോണ്‍സണിന്റെ ആരോപണം. 'മോനേ 2021 ഒക്ടോബര്‍ 21-ന് കൊച്ചിന്‍ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് നമ്മള്‍ കണ്ടിരുന്നു. ഞാന്‍ നിന്റെ കൂടെ കുറച്ച് ഫോട്ടോകള്‍ എടുത്തു. അത് കഴിഞ്ഞ് എന്റെ വ്‌ളോഗിംഗ് വീഡിയോയില്‍ കുറേ നീ പതിഞ്ഞു. അത് കഴിഞ്ഞ് അവിടുത്തെ ദുരൂഹതയും രണ്ടുപേരുടെ മരണവുമുണ്ടായി. ഞാന്‍ കൊച്ചിന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. ചാനലുകാര്‍ ഏറ്റെടുത്തപ്പോള്‍ നീ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ചേച്ചീ ന്റൈ ഫോട്ടോകളും വീഡിയോകളും റിവീല്‍ ചെയ്യല്ലേ എന്ന്. നീ മാത്രമല്ല പല മുന്‍നിര നായികമാരും നടന്മാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. ചെറിയ പിളേളര്‍ ചേച്ചീ ഞങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ എന്ന് എന്നോട് പറഞ്ഞു. അവരുടെ പേര് പറഞ്ഞ് എനിക്ക് വേണമെങ്കില്‍ റീച്ചുണ്ടാക്കാമായിരുന്നു. ഈ ഡിസംബര്‍ 25 വരെ ഞാന്‍ വാക്കുപാലിച്ചു. കാരണം എനിക്ക് നീ വാക്കുതന്നിരുന്നു, ഇനി ഇതിന്റെ പുറകേ പോകില്ല, നന്നായിക്കോളാം എന്ന്. എന്താണ് മോനെ അവസ്ഥ. ഇത് ഉപയോഗിക്കുന്നവരെയല്ല, ഇത് പലരിലേക്കും എത്തിക്കുന്ന മാഫിയകളെയാണ് പിടിക്കേണ്ടത്': അന്ന ജോണ്‍സണ്‍ പറഞ്ഞു.

Also Read:

ഡിസംബർ 24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സിദ്ധാർത്ഥിന്റെ വാഹനം ഒരാളെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Actor Jishin Mohan supports Uppum Mulakum Actor Sidharth Prabhu

dot image
To advertise here,contact us
dot image