

വാട്‌സ്ആപ്പിന് ശക്തനായ എതിരാളിയാവുമെന്ന ഹൈപ്പുമായി എത്തിയ അറട്ടൈ ആപ്ലിക്കേഷന് അടിതെറ്റിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ടെക് ലോകത്തെ വിദഗ്ദർ. ഗൂഗിൾ പ്ലേയിലും ആപ് സ്റ്റോറിലും ഡൗൺലോഡിന്റെ കാര്യത്തിൽ ഒറ്റയടിക്ക് വളരെ മുന്നിലെത്തിയ അറട്ടൈ വാട്‌സ്ആപ്പിൻ്റെ കുത്തക അവസാനിപ്പിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രചാരണം. എന്നാൽ ഒരു മാസം പിന്നിടപ്പോൾ തന്നെ ഡൗൺലോഡിൽ ടോപ്പിലെത്തിയ നൂറ് ആപ്പുകളുടെ പട്ടികയിൽ നിന്നും അറട്ടൈ ഔട്ടായിരുന്നു. ഇതിന് പിന്നിലെ കാരണമെന്താണെന്ന് എണ്ണിയെണ്ണി പറയുകയാണ് വിദഗ്ധർ.
2021ൽ സോഹോ പുറത്തിറക്കിയ അറട്ടൈ ആപ്പിന്റെ പേരിന് ഇംഗ്ലീഷിൽ ചാറ്റ്, മലയാളത്തിൽ കൊച്ചുവർത്തമാനം എന്നൊക്കെയാണ് പറയുന്നത്. ഈ ആപ്പ് ഡൗൺലോഡിങ്ങിൽ വാട്‌സ്ആപ്പിനെ പിന്തള്ളിയതോടെയാണ് താരമായി മാറിയത്. എന്നാൽ ഇപ്പോൾ അറട്ടൈക്കുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണമായി ഉന്നയിക്കുന്നത് സ്വകാര്യതയുടെ പേരിലുള്ള ആശങ്കയാണ്. തീർന്നില്ല, എതിരാളികൾ ശക്തരാണെന്നതാണ് മറ്റൊരു കാരണം. മറ്റുള്ള ആപ്ലിക്കേഷനുകളുമായുള്ള സാമ്യതയും, നെറ്റ്‌വര്‍ക്ക് ദുർബലമായതും അറട്ടൈയുടെ വീഴ്ചയ്ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
യൂസർ നെറ്റ്വർക്കിനെ ആശ്രയിച്ചാണ് മിക്ക മെസേജിങ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നത്. ഭൂരിഭാഗവും ഇന്ത്യൻ ഉപയോക്താക്കും വാട്‌സ്ആപ്പ് എക്കോസിസ്റ്റത്തിനുള്ളിൽ നിൽക്കുന്നവരാണ്. വ്യക്തിപരമായ ചാറ്റുകൾക്കും ബിസിനസ് സംബന്ധമായ സംഭാഷണങ്ങൾക്കും പ്രത്യേകം ആപ്പുകൾ തന്നെ ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തിട്ടുണ്ടെന്നതാണ് ഇതിന് കാരണം. കോൺടാക്ടുകൾ കുറവാണെന്നതും അവ സജീവമല്ലാത്തതും പുത്തൻ മെസേജിങ് ആപ്പുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ടെക് വിദഗ്ധനും സീനിയർ ഐടി റിസർച്ചറുമായ പ്രേംജിത്ത് വാസുദേവൻ പറയുന്നു.
തദ്ദേശീയമായി നിർമിച്ച മെസേജ് ആപ്പ് എന്ന രീതിയിലാണ് അറട്ടൈയ്ക്ക് വലിയ ജനപ്രീതി ഒരു ഘട്ടത്തിൽ ലഭിച്ചത്. മെയ്ഡ് ഇൻ ഇന്ത്യ എന്ന മുദ്രാവാക്യത്തെ ഉപയോഗിച്ച് അറട്ടൈയ്ക്കായി നടന്ന മൗത്ത് പബ്ലിസിറ്റിയും സോഷ്യൽ മീഡിയ പ്രചാരണവും പെട്ടെന്നുള്ള കുതിപ്പിന് കാരണമായിരുന്നു. ഒരു പുതുമയുടെ പേരിൽ നിരവധി പേർ ഡൗൺലോഡ് ചെയ്‌തെങ്കിലും പിന്നീട് അത് നഷ്ടപ്പെട്ടപ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന പ്ലാറ്റ്‌ഫോമിലേക്ക് ഉപയോക്താക്കൾ തിരികെ പോകുകയാണ് ഉണ്ടായത്. വാട്‌സ്ആപ്പും ടെലഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ പല ഫീച്ചറുകളും അറട്ടൈയിലില്ല, ഇതിനൊപ്പം ചാറ്റുകളിൽ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ ഫീച്ചർ ഇല്ലാത്തതും ഒരു പോരായ്മയായി ഉപയോക്താക്കൾ കാണുകയും ചെയ്തു. ഇത് അറട്ടൈയുടെ വിശ്വാസ്യതയെയും നിലനിൽപ്പിനെയും ബാധിച്ചെന്ന് പറയാം.
മെസേജ് അയക്കുന്നതിനുള്ള ഓപ്ഷനിൽ മാത്രമാണ് അറട്ടൈ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. പേയ്‌മെന്റ്‌സ്, ബിസിനസ് മെസേജിങ്, കണ്ടന്റ് ഷെയറിങ് ഫീച്ചഴ്‌സ് എന്നിവയിൽ ഉപയോക്താക്കളെ പിടിച്ചുനിർത്തുന്ന അപ്പ്‌ഡേഷനൊന്നും കൊണ്ടുവരാൻ ഇവർക്ക് സാധിച്ചതുമില്ല. മേഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ കിട്ടിയ അവസരം, ഉപയോക്താക്കളുടെ പ്രഥമ ചോയിസായി നിലനിൽക്കാനുള്ള മാർഗമായി മാറ്റാൻ അറട്ടൈ നിർമാതാക്കൾക്ക് കഴിഞ്ഞില്ല. എന്തായാലും മൗത്ത് പബ്ലിസിറ്റിയിലും ക്ലച്ച് പിടിക്കാതെ പോയി അറട്ടൈ എന്നാണ് പുതിയ വിവരങ്ങൾ നൽകുന്ന സൂചന.
Content Highlights: Reason behind arattai's fell off