'കൈയില്‍ കയറി പിടിച്ചു, പീരിയഡ്‌സിനെ കുറിച്ച് ചോദിച്ചു'; ലൈംഗികാരോപണവുമായി ബംഗ്ലാദേശ് വനിതാ താരം

'പെണ്‍കുട്ടികളെ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ചെവിയുടെ അടുത്തുവന്ന് സംസാരിക്കുന്ന ശീലം ആ സെലക്ടറിനുണ്ട്'

'കൈയില്‍ കയറി പിടിച്ചു, പീരിയഡ്‌സിനെ കുറിച്ച് ചോദിച്ചു'; ലൈംഗികാരോപണവുമായി ബംഗ്ലാദേശ് വനിതാ താരം
dot image

മുന്‍ സെലക്ടര്‍ക്കെതിരെ ലൈംഗികാരോപണവുമായി ബംഗ്ലാദേശ് വനിതാ താരം ജഹനാര ആലം. ബം​ഗ്ലാ​​ദേശ് ക്രിക്കറ്റിന്റെ മുൻ സെലക്ടർ മഞ്ജുരുൾ ഇസ്ലാം തന്നെ ലൈംഗികമായി ആക്രമിച്ചിരുന്നെന്നാണ് ബംഗ്ലാദേശ് പേസർ വെളിപ്പെടുത്തിയത്. നിലവിൽ ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ലാത്ത ജഹനാര മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇതിനിടെയാണ് 2022 ലെ വനിതാ ഏകദിന ലോകകപ്പിനിടെ ദേശീയ ടീം മാനേജ്‌മെന്റിൽ നിന്ന് തനിക്ക് ലഭിച്ച മോശം അനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.

വർഷങ്ങളായി താനും സഹതാരങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ബം​ഗ്ലാ​ദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ജഹനാര ആരോപിച്ചു. കായിക മാധ്യമപ്രവർത്തകനായ റിയാസാദ് അസിമുമായുള്ള അഭിമുഖത്തിനിടെയാണ് താരം ആരോപണങ്ങൾ പരസ്യമാക്കിയത്.

"എനിക്ക് പലതവണ മോശം പ്രകടനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ നിൽക്കുമ്പോൾ ഞങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ഞങ്ങൾക്ക് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ല. 2021ല്‍ തൗഹിദ് ഭായി എന്നെ ബാബു എന്നയാള്‍ വഴി സമീപിച്ചിരുന്നു. ഞാന്‍ ആ ശ്രമം ബുദ്ധിപൂര്‍വം ഒഴിവാക്കി. അവരെന്തുകൊണ്ടാണ് എന്നോട് മോശമായി പെരുമാറുന്നതെന്ന് എനിക്കറിയില്ല. പരമാവധി നിശബ്ദയായി ഇരിക്കാനും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അതിന് ശേഷം തൊട്ടടുത്ത ദിവസം മുതല്‍ മഞ്ജുരുള്‍ എന്നെ അപമാനിക്കാന്‍ തുടങ്ങി.

പെണ്‍കുട്ടികളുടെ അടുത്തേക്ക് വന്ന് തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ചെവിയുടെ അടുത്തുവന്ന് സംസാരിക്കുന്ന ശീലം മഞ്ജുരുളിനുണ്ട്. ഞങ്ങള്‍ അയാളെ ഒഴിവാക്കാറാണ് ചെയ്യുക. മത്സരങ്ങള്‍ക്ക് ശേഷം ഹസ്തദാനം കൊടുക്കുമ്പോള്‍ പോലും ഞങ്ങള്‍ അത് ശ്രദ്ധിക്കാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ പോലും 'ദേ അയാള്‍ വരുന്നുണ്ട്, നമ്മളെ ഇപ്പോള്‍ കെട്ടിപ്പിടിക്കും', എന്ന് തമാശയായി പറയാറുണ്ട്.

2022 ലോകകപ്പിനിടെയാണ് അടുത്ത സംഭവം. ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പ്രീ ക്യാംപില്‍ ഞാന്‍ ബോള്‍ ചെയ്യുകയായിരുന്നു. മഞ്ജു ഭായി എനിക്കരികിലേക്ക് വന്ന് എന്റെ തോളില്‍ കൈയിട്ടു. എന്റെ ചെവിയുടെ തൊട്ടരികിലേക്ക് വന്ന് 'നിങ്ങളുടെ ആര്‍ത്തവം എത്ര ദിവസമായെന്ന്' ചോദിച്ചു. ഐസിസിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫിസിയോകൾ താരങ്ങളുടെ പീരിയഡ്സ് സൈക്കിളുകൾ ട്രാക്ക് ചെയ്യാറുണ്ട്. അത് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. പക്ഷേ ഒരു മാനേജർക്കോ സെലക്ടർക്കോ ഇത്തരത്തിലുള്ള വിവരങ്ങൾ അറിയേണ്ടതിന്റെ ആവശ്യം എന്താണെന്ന് എനിക്കറിയില്ല.

പക്ഷേ മറുപടിയായി 'അഞ്ച് ദിവസം' എന്ന് ഞാൻ പറഞ്ഞപ്പോൾ, 'അഞ്ച് ദിവസമോ? അത് ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. നിങ്ങളുടെ ആർത്തവം കഴിയുമ്പോൾ, എന്നോട് പറയൂ, എനിക്ക് എന്റെ കാര്യം കൂടി നോക്കണം', എന്ന് അദ്ദേഹം പറഞ്ഞു. 'സോറി ഭയ്യാ, എനിക്ക് മനസിലായില്ല', എന്ന് ഉടനെ ഞാൻ അയാളെ നോക്കി ചോദിച്ചു.', ജഹനാര തുറന്നുപറഞ്ഞു.

Content Highlights: Bangladesh Women's cricketer Jahanara Alam accuses former selector of sexual harassment

dot image
To advertise here,contact us
dot image