

ദക്ഷിണാഫ്രിക്ക എ-ഇന്ത്യ എ രണ്ടാം ചതുർദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് മോശം ബാറ്റിങ് തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 255 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് 12 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
ദക്ഷിണാഫ്രിക്കയുടെ സീനിയർ ടീം ക്യാപ്റ്റൻ ടെംമ്പ ബാവുമ ആദ്യ പന്തിൽ തന്നെ പുറത്തായി. ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റുകൾ നേടി.
ഇന്നലെ ആദ്യ ദിനം ഇന്ത്യ എ ഓൾ ഔട്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ 255 റൺസ് മാത്രമാണ് ഇന്ത്യ എയ്ക്ക് നേടാനായത്. പുറത്താകാതെ 132 റൺസെടുത്ത ധ്രുവ് ജുറേലിന്റെ മികവിലാണ് ഇന്ത്യ എ ഭേദപ്പെട്ട സ്കോറിലെത്തിയത്.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ഇന്ത്യ എയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തന്നെ റൺസെടുക്കും മുമ്പ് അഭിമന്യൂ ഈശ്വരൻ പുറത്തായി. പിന്നാലെ ഇന്ത്യൻ നിരയിലെ സൂപ്പർ താരങ്ങളായ കെ എൽ രാഹുൽ 19 റൺസോടെയും സായി സുദർശൻ 17 റൺസോടെയും ക്യാപ്റ്റൻ റിഷഭ് പന്ത് 24 റൺസോടെയും പുറത്തായി. ദേവ്ദത്ത് പടിക്കലിന് അഞ്ച് റൺസ് മാത്രമാണ് നേടിയത്.
175 പന്തിൽ 12 ഫോറും നാല് സിക്സറും സഹിതമാണ് ധ്രുവ് ജുറേൽ 132 റൺസെടുത്തത്. വാലറ്റത്ത് കുൽദീപ് യാദവ് 20 റൺസും മുഹമ്മദ് സിറാജ് 15 റൺസും സംഭാവന ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി ടിയാൻ വാൻ വ്യൂറെൻ നാല് വിക്കറ്റുകൾ വീഴ്ത്തി. ഷെപോ മൊറേക്കി, പ്രെനെലൻ സുബ്രയേൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Bavuma golden duck; South Africa A's batting collapse against India A