

ആറുവയസുകാരനായ വിദ്യാർത്ഥിയുടെ വെടിയേറ്റ് ഇടതു കൈയുടെ ചലനശേഷി നഷ്ടമായ മുൻ അധ്യാപികയ്ക്ക് നഷ്ടപരിഹാരമായി 10 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ച് വിർജീനിയ കോടതി.
2023 ജനുവരിയിലായിരുന്നു കേസി ആസ്പദമായ സംഭവം. ആബി സ്വർനർ എന്ന അധ്യാപിക സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല തൻ്റെ വിദ്യാർത്ഥി തന്നെ ഈ നിലയിൽ ജീവിതം കീഴ്‌മേൽ മറിക്കുമെന്ന്. വെറും ആറു വയസുള്ള കുട്ടിയാണ് ആബിയ്ക്ക് നേരെ വെടിയുതിർത്തത്. വെടിയേറ്റ് അത്യാസന്ന നിലയിൽ രണ്ടാഴ്ചയോളം അധ്യാപിക ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ട് മാത്രം ഹൃദയത്തിലേക്ക് വെടിയുണ്ട തുളച്ചുകയറിയില്ല. ഇപ്പോഴും നെഞ്ചിൽ അതും പേറി നടക്കുകയാണ് ആബി. ഈ സംഭവത്തോടെ ഇടതുകൈയുടെ സ്വാധീനവും നഷ്ടമായി.
സ്‌കൂളിലെ അന്നത്തെ പ്രിൻസിപ്പലിനോട് കുട്ടിയുടെ കൈയിൽ തോക്കുണ്ടെന്ന വിവരം ആബി അറിയിച്ചിരുന്നു. ഇത് ശ്രദ്ധിക്കാനോ അതേ കുറിച്ച് അന്വേഷിക്കാനോ പ്രിൻസിപ്പൽ തയ്യാറായില്ല. ഇതോടെയാണ് ആബി ഇവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. 40മില്യൺ ഡോളറാണ് ആബി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരമായി 10 മില്യൺ ഡോളർ ആബിക്ക് നൽകണമെന്നാണ് വിർജീനിയ ജൂറി വിധിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ രൂപയിൽ 83 കോടിയോളം വരും.
സ്വന്തം ക്ലാസ്‌റൂമിലെ റീഡിങ് ടേബിളിലിരിക്കുമ്പോഴാണ് 28കാരിയായ അധ്യാപികയ്ക്ക് വെടിയേറ്റത്. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനിടെ ആറോളം ശസ്ത്രക്രിയയ്ക്ക് അവർ വിധേയയായി. യുഎസിൽ ആകമാനം ആശങ്ക ഉയർത്തിയ സംഭവമായിരുന്നു ഇത്. മറ്റ് ചില സ്‌കൂൾ സ്റ്റാഫുകളും അന്ന് പ്രിൻസിപ്പലായിരുന്ന എബണി പാർക്കറിനോട് കുട്ടിയുടെ ബാഗിൽ തോക്കുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ആബിയുടെ ഫോൺ വലിച്ചെറിഞ്ഞതിന് കുട്ടിയെ സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം അധ്യാപികയെ വെടിവെച്ച കുട്ടിയുടെ മാതാവിനെ നാലുവർഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല. ഡ്രസറിന്റെ മുകളിൽ വലിഞ്ഞുകയറിയാണ് ഡ്രോയറിൽ ഇരുന്ന ഹാൻഡ്ഗൺ കൈക്കലാക്കിയതെന്ന് കുട്ടി തന്നെ മൊഴി നൽകിയിട്ടുണ്ട്. ലൈസൻസ്ഡ് കോസ്‌മെറ്റോളജിസ്റ്റായ ആബി ഇനി അധ്യാപകയായി സേവനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: US teacher shot by 6 year old student gets 10 million dollar