
ലോകത്തെമ്പാടുമുള്ള കമ്പനികൾ വ്യാപകമായി തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. എഐയുടെ വ്യാപനം, നിക്ഷേപ രീതികളിലെ മാറ്റം തുടങ്ങി പല കാരണങ്ങളാണ് ഇതിന് പിന്നിൽ. മഹാമാരിക്കാലത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയും കമ്പനികളെ കടുത്ത നടപടികൾ എടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ടിസിഎസ്, വിപ്രോ പോലുള്ള കമ്പനികൾ എല്ലാം പിരിച്ചിവിടലിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ ആമസോണിലും ഇത്തരത്തിൽ വലിയ ഒരു പിരിച്ചുവിടൽ പ്രതിസന്ധി നിലനിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ മൊത്തം ജീവനക്കാരിൽ നിന്നും 15 ശതമാനം ആളുകളെ കമ്പനി പിരിച്ചുവിടാൻ പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ. എച്ച് ആർ വിഭാഗത്തിലെ 'പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്‌നോളജി' ടീം ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേടിരുന്നത്. ആമസോണിന്റെ പല വകുപ്പുകളിലും പിരിച്ചുവിടൽ ഉണ്ടാകുമെങ്കിലും എച്ച് ആർ വിഭാഗത്തെയാകും ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് റിപ്പോർട്ടുകൾ.
എത്ര പേരെയാണ് പിരിച്ചുവിടുക എന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനിയുടെ കൺസ്യൂമർ ഡിവൈസസ് ഗ്രൂപ്പ് ആയ 'വണ്ടറി പോഡ്കാസ്റ്റ് ആം', ആമസോൺ വെബ് സർവിസസ്' എന്നീ വിഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ മാസങ്ങളിൽ നിരവധി ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എച്ച് ആർ വിഭാഗത്തിലേക്കും പിരിച്ചുവിടൽ നീളുന്നത്.
എഐ, ക്ലൗഡ് ഓപ്പറേഷൻസ് എന്നിവയിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ. എഐ ഇൻഫ്രാസ്ട്രക്ച്ചറുകൾക്ക് അടിത്തറയേകുന്ന ഡാറ്റ സെന്ററുകൾ നിർമിക്കാനായി കമ്പനി 100 ബില്യൺ ഡോളറാണ് ഈ വർഷം നിക്ഷേപിക്കുന്നത്. പുതിയ കാലഘട്ടം എഐയുടേത് ആയിരിക്കുമെന്നും എല്ലാ ജീവനക്കാർക്കും അതിനോട് താദാത്മ്യപ്പെടാൻ സാധിക്കില്ലെന്നും ആമസോൺ സിഇഒ ആയ ആൻഡി ജെസ്സി വ്യക്തമാക്കിയിരുന്നു. ജീവനക്കാരോട് എഐയോടൊപ്പം തങ്ങളുടെ സ്കില്ലുകൾ വളർത്താനും മറ്റും ആൻഡി ജെസ്സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ചെയ്താലും ജോലി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പുമില്ല.
ആൻഡി ജെസ്സി സിഇഒ ആയതിന് പിന്നാലെ ആമസോണിൽ വലിയ പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്. 2022നും 23നും ഇടയിൽ 27,000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. മഹാമാരിയും മറ്റുമാണ് അന്ന് ഈ നടപടിക്ക് കമ്പനിയെ പ്രേരിപ്പിച്ചത്.
ഇങ്ങനെ ഒരു വശത്ത് പിരിച്ചുവിടൽ ഭീഷണി ഉണ്ടെന്നിരിക്കെ മറുവശത്ത് ജീവനക്കാരെ എടുക്കുകയും ആമസോൺ ചെയ്യുന്നുണ്ട്. അടുത്തിടെ തങ്ങളുടെ യുഎസ് വെയർഹൗസുകളിലേക്കും ലോജിസ്റ്റിക്സ് നെറ്റ്‌വർക്കിലേക്കും മറ്റുമായി 2,50,000 തൊഴിലാളികളെയാണ് ആമസോൺ തൊഴിലിനെടുക്കുന്നത്.
Content Highlights: Amazon ready for layofs, this time HR department hit