
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം. സിനിമ നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാന്റെ ധൈര്യം പ്രശംസിക്കാതിരിക്കാൻ പറ്റില്ലെന്നും മലയാള സിനിമയ്ക്കായി ലോക തുറന്ന് വെച്ചത് വലിയ സംഭവമാണെന്നും ഷെയ്ൻ നിഗം പറഞ്ഞു.
'ഞാൻ ആ പടം കണ്ടിരുന്നു. ഇറങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ കണ്ടിരുന്നു. എനിക്ക് ഒരു പക്കാ തിയേറ്ററിക്കൽ എക്സ്പെരിയൻസ് കിട്ടി. നാമത് ആ സിനിമയിൽ അംഗീകരിക്കേണ്ടത് ദുൽഖറിനെയാണ്. ബാക്കിയുള്ളവരുടെ എഫോർട്ട് മാനിക്കുന്നില്ല എന്നല്ല അതിനർത്ഥം. വലിയ പൈസ മുടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിസ്ക് ഒരുപാട് ഉണ്ട്. പക്ഷെ ഡൊമിനിക് അരുണിന്റെ സ്ക്രിപ്റ്റിനെ വിശ്വസിച്ചു.
ഡൊമിനികിന് സ്ക്രിപ്റ്റ് പറയാൻ അല്ലേ സാധിക്കുകയുള്ളൂ അല്ലാതെ സിനിമ എടുത്ത് കാണിച്ചിട്ടല്ലല്ലോ പൈസ മുടക്കുന്നത്. ഒരു നരേഷനിലൂടെ വിശ്വസിക്കുകയാണ്. ദുൽഖറിന്റെ ഒരു ധൈര്യത്തെയാണ് ഞാൻ അഭിനന്ദിക്കുന്നത്. അടുത്ത ഒരു 10 കൊല്ലം കഴിഞ്ഞാലേ മനസിലാക്കുകയുള്ളു ലോക തുറന്ന് വെച്ചത് വലിയൊരു സംഭവം ആണ്. സൂപ്പർ ഹീറോ, ഫാന്റസി സിനിമകൾ ഇവിടെ ചെയ്‌താൽ വിജയിക്കും എന്ന് കാണിച്ചത് ലോകയാണ്,' ഷെയ്ൻ നിഗം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
Another day,another actor praising DQ's efforts for #Lokah 🔥
— Elton. (@elton_offl) October 3, 2025
Still many finds it difficult/not agreeing to appreciate @dulQuer's vision and his support to mount something huge like this. pic.twitter.com/uXdwtJHdh5
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ നിന്നും 10 കോടി ഷെയറിന് മുകളിൽ നേടുന്ന ഒരു മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. അഞ്ചാം ആഴ്ചയിലും ഗംഭീര കളക്ഷൻ ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ തലവര മാറ്റിയ മഞ്ഞുമ്മൽ ബോയ്‌സ് 50 കോടിയാണ് നേടിയത്. ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അതേസമയം, ഈ നേട്ടത്തെ ലോക മറികടക്കുമോ എന്നും പലരും ഉറ്റുനോക്കുന്നുണ്ട്.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Shane Nigam congratulates Dulquer Salmaan and world cinema