
എന്ത് കാര്യത്തെക്കുറിച്ചും പ്രാഥമികമായ വിവരങ്ങൾ തേടാൻ നമ്മൾ ആദ്യം ആശ്രയിക്കുന്നത് വിക്കിപീഡിയയെ ആയിരിക്കും അല്ലെ. വിക്കിപീഡിയ അത്തരത്തിൽ നമ്മുടെ ആദ്യ സോഴ്സ് ആയി മാറിക്കഴിഞ്ഞു. വിക്കിപീഡിയയിൽ തപ്പിയാൽ കിട്ടാത്ത ഒരു വിവരങ്ങളുമില്ല എന്നും എല്ലാ ധാരണയും നമുക്കുണ്ടാകും എന്നും നമുക്കറിയാം. വർഷമിത്രയായിട്ടും വിക്കിപീഡിയയെ നമ്മൾ കൈവിടാത്തതും ഇങ്ങനെ വിവരങ്ങൾ ലഭിക്കുന്നത് കൊണ്ടാണ്.
ഇങ്ങനെയിരിക്കെ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഒരു നീക്കം നടത്തുകയാണ്. വിക്കിപീഡിയയ്ക്ക് ഒരു 'ഡ്യൂപ്പി'നെ ഉണ്ടാക്കാൻ പോകുകയാണ് അദ്ദേഹം. പേര് ഗ്രോക്കിപീഡിയ. തന്റെത്തന്നെ ഗ്രോക് ചാറ്റ്ബോട്ട് കൊണ്ടാണ് ഗ്രോക്കിപീഡിയ പ്രവർത്തിക്കുക.
കഴിഞ്ഞ ദിവസം ഗ്രോക്കിപീഡിയ എന്ന ഇൻഫോർമേഷൻ പ്ലാറ്റ്‌ഫോം നിർമാണഘട്ടത്തിലാണ് എന്ന് മസ്‌ക് അറിയിച്ചിരുന്നു. തങ്ങൾ ഗ്രോക്കിപീഡിയ എന്ന പ്ലാറ്റ്‌ഫോം നിർമിച്ചുവരികയാണ് എന്നും വിക്കിപീഡിയയ്ക്കും മേലെ നിൽക്കുന്ന പ്ലാറ്റ്‌ഫോം ആയിരിക്കും അവ എന്നും മസ്‌ക് പറഞ്ഞു. ലോകത്തെ മനസിലാക്കാനുള്ള xAIയുടെ പുതിയ കാൽവെയ്പ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
xAIയുടെ ചാറ്റ്ബോട്ടായ ഗ്രോക് ഉപയോഗിച്ചാകും ഗ്രോക്കിപീഡിയ പ്രവർത്തിക്കുക. ഇതിനായി എഐയെ എല്ലാ വെബ് സോഴ്‌സുകളിലും ട്രെയിൻ ചെയ്യിച്ചതായും കണ്ടന്റുകൾ അവ ഉണ്ടാക്കുമെന്നും മാസ്ക് പറഞ്ഞു. മസ്കിന്റെ ഈ പ്രഖ്യാപനത്തെ നെറ്റിസൺസ് ട്രോളുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. മസ്കിന്റെ പുതിയ ഈ നീക്കം ഒരു പ്രതീക്ഷയാണ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഗ്രോക്കിപീഡിയ പൊളിക്കുമെന്നും അടുത്ത ലെവൽ ഇൻഫോർമേഷൻ നൽകുമെന്നും ചിലർ പറയുന്നുണ്ട്. എൻസൈക്കോപീഡിയ ഗലാട്ടിക്ക പോലെയാകും ഇതെന്ന് പറയുന്നവരുമുണ്ട്.
എന്നാൽ വിമർശനങ്ങൾക്കും ഒട്ടും കുറവില്ല. ഇങ്ങനെയാണെങ്കിൽ മസ്‌ക് റെഡിറ്റിനെ ഏറ്റെടുത്ത് ഗ്രോക്കിറ്റ് ആക്കണമെന്നാണ് ചിലർ പറയുന്നത്. ഗ്രോക് പോലും വിക്കിപീഡിയ നോക്കിയാണ് ഉത്തരം പറയുന്നത് എന്നും ഗ്രോക്കിപീഡിയ എങ്ങനെയാണ് വ്യത്യസ്തമാകുക എന്നും ചിലർ ചോദിക്കുന്നുണ്ട്.
മസ്‌കും വിക്കിപീഡിയയും തമ്മിലുള്ള പ്രശ്നം ഏറെ കാലമായി നിലനിൽകുന്നതാണ്. വിക്കിപീഡിയയെ അധിക്ഷേപിച്ചുകൊണ്ടുളള മസ്കിന്റെ 2023ലെ ട്വീറ്റ് വലിയ വാർത്തയായിരുന്നു. സൈറ്റ് മുഴുവൻ തെറ്റുകളാണ് പറഞ്ഞ മസ്‌ക് ഡൊണേഷൻ രീതിയെയും വിമർശിച്ചിരുന്നു. ആളുകളോട് വിക്കിപീഡിയയ്ക്ക് സംഭാവനകൾ നൽകരുതെന്നും അവർ പക്ഷപാതം കാണിക്കുന്നുവെന്നും മസ്‌ക് പറഞ്ഞിരുന്നു.
Content Highlights: Musk to launch grokipedia, an alternative for wikipedia