
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ്പിന് അടിമുടി മാറ്റം. ആറ് കിടിലന്‍ ഫീച്ചേഴ്‌സുമായാണ് വാട്‌സാപ്പ് മുഖം മിനുക്കി എത്തിയിരിക്കുന്നത്. പുതിയ ഫീച്ചേഴ്‌സ് ആപ്പിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്നും ഉപയോക്താക്കളെ ഏറെ സഹായിക്കുമെന്നുമാണ് ആപ്പ് ടീം പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റങ്ങൾ ഐഫോണിലും ആന്‍ഡ്രോയിഡിലും ഒരുപോലെ പ്രവര്‍ത്തിക്കും.
പുതിയ ഫീച്ചറുകള്‍ അനുസരിച്ച് മോഷന്‍ ആന്‍ഡ് ലൈവ് ഫോട്ടോസ് വാട്‌സാപ്പ് വഴി ഇനി നിങ്ങള്‍ക്ക് നേരിട്ട് ഷെയര്‍ ചെയ്യാം. ഇത് കൂടാതെ എഐ ഉപയോഗിച്ച് ചാറ്റ് ബാഗ്രൗണ്ടുകള്‍ രൂപീകരിക്കുക, വീഡിയോ കോള്‍ പശ്ചാത്തലങ്ങള്‍ മാറ്റുക എന്നിങ്ങനെ വ്യത്യസ്തമായ 6 മാറ്റങ്ങളാണ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
പുതിയ വാട്‌സാപ്പ് സവിശേഷതകള്‍
ലൈവ്, മോഷന്‍ ഫോട്ടോകള്‍
വാട്‌സാപ്പില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് ലൈവ് ഫോട്ടോകളും മോഷന്‍ ഫോട്ടോകളും പങ്കിടാന്‍ സാധിക്കും. GIF പോലെയുള്ള ഫോട്ടോകളാണ് ഇവ. ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ എടുക്കുക മാത്രമല്ല മറ്റുള്ള ആപ്പുകളിലേക്ക് പങ്കിടാനും കഴിയും.
മെറ്റാ AI പിന്തുണയുള്ള ചാറ്റ് ബാഗ്രൗണ്ടുകള്‍
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ക്ക് ഇഷ്ടമുള്ള തരത്തിലുള്ള ചാറ്റ് ബാഗ്രൗണ്ടുകള്‍ ഇനി എഐ യുടെ സഹായത്തോടെ ചേര്‍ക്കാം. എഐ ടച്ചുള്ളത് കൊണ്ട് തന്നെ ഇവയെ ഇഷ്ടമുള്ള രീതിയില്‍ കസ്റ്റമൈസ് ചെയ്‌തെടുക്കാനും സാധിക്കും.
മെറ്റാ എഐ ഉപുയോഗിച്ചുള്ള വീഡിയോ കോള്‍ ബാഗ്രൗണ്ടുകള്‍
ഇന്‍സ്റ്റാഗ്രാമിലെന്ന പോലെ ഇനി വീഡിയോ കോളുകള്‍ക്കിടയില്‍ ഇഷ്ടമുള്ള തരം ബാഗ്രൗണ്ടുകള്‍ എഐ സഹായത്തോടെ ചെയ്യാം. ഈ ഫീച്ചർ വീഡിയോ കോളുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
വേഗത്തില്‍ ഗ്രൂപ്പുകള്‍ കണ്ടെത്താം
നമ്മുടെ ഫോണുകളില്‍ പലപ്പോഴും നിരവധി ഫ്രണ്ട്സ് ഗ്രൂപ്പുകള്‍ ഉണ്ടാവാറുണ്ടല്ലേ… പലതിന്റെയും പേരുകള്‍ നമ്മള്‍ മറന്നു പോകാറുമുണ്ട്. എന്നാല്‍ നമുക്ക് അതിലുള്‍പ്പെടുന്ന അംഗങ്ങളെ ഓര്‍മ നില്‍ക്കും. അത്തരത്തില്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേര് സെര്‍ച്ച് ചെയ്താല്‍ തന്നെ ഗ്രൂപ്പുകള്‍ കണ്ടെത്താനുള്ള സംവിധാനം മറ്റൊരു പ്രധാന ഫീച്ചറാണ്.
പുതിയ സ്റ്റിക്കര്‍ കളക്ഷന്‍
വാട്‌സാപ്പിലെ ചാറ്റിംഗ് കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന സ്റ്റിക്കറുകളാണ് അടുത്ത പുതിയ അപ്‌ഡേഷന്‍. അത്തരത്തിൽ സ്‌കൂള്‍ ഡേയ്‌സ്, ഫിയര്‍ലെസ് ബേര്‍ഡ്, വെക്കേഷന്‍ പായ്ക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തരം സ്റ്റിക്കറുകളാണ് പുതിയതായി വാട്‌സാപ്പ് കൊണ്ടു വന്നിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഡോക്യുമെന്‍റ് സ്‌കാനിംഗ്
ആന്‍ഡ്രോയിഡ് ഉപയോക്താകള്‍ക്ക് മാത്രമായി ഇനി വാട്‌സാപ്പിലൂടെ ഡോക്യുമെന്‍റുകള്‍ സ്കാന്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഡോക്യുമെന്‍റുകള്‍ സ്‌കാന്‍ ചെയ്യാനും തിരുത്താനും അയക്കാനും കഴിയും. ഡോക്യുമെന്‍റുകള്‍ സ്കാന്‍ ചെയ്യാന്‍ മറ്റ് ആപ്പുകളുടെ സഹായം ആവശ്യമില്ലാതാകുന്നതോടെ ഡോക്യുമെന്‍റ് തയ്യാറാക്കല്‍ എളുപ്പമാകുന്നു.
പുതിയ ഫീച്ചറുകള്‍ എല്ലാ ഫോണുകളിലും ലഭ്യമാണ്. നിങ്ങളുടെ ഫോണില്‍ ഇത് ലഭ്യമായില്ലെങ്കില്‍ ഉടന്‍ തന്നെ വാട്‌സാപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
Content Highlights- WhatsApp with shocking changes; Meta revamps WhatsApp with six cool features