
ആധാര്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ ഹോള്‍ഡേഴ്‌സിനും യൂസേഴ്‌സിനുമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയാണ്. വ്യക്തിപരമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുക എന്നതാണ് പ്രാഥമിക ഘട്ടത്തില്‍ ആപ്ലിക്കേഷന്‍ നല്‍കുന്ന സര്‍വീസ്. അതായത് ഇനിമുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ വീട്ടിലിരുന്ന് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.
ആപ്ലിക്കേഷന്‍ ലോഞ്ച് കഴിഞ്ഞയുടന്‍ തന്നെ പേര്, അഡ്രസ്, ജനന തീയതി തുടങ്ങിയവയെല്ലാം സ്മാര്‍ട്ട്‌ഫോണിലൂടെ അപ്‌ഡേറ്റ് ചെയ്യാം. ആപ്ലിക്കേഷന്‍ നിലവില്‍ പൂര്‍ത്തീകരണത്തിന്റെ വക്കിലാണ്, ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സിംഗിള്‍ ഡിജിറ്റല്‍ ഇന്റര്‍ഫേസില്‍ യൂസര്‍ ഫ്രണ്ട്‌ലിയായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പന. ഈ വര്‍ഷം അവസാനത്തോടെ ആപ്പ് ലോഞ്ച് ചെയ്യാനാണ് സാധ്യത.
എ ഐ സാങ്കേതിക വിദ്യയും ഫേസ് ഐഡി ടെക്‌നോളജിയും ഏകീകരിച്ച് സുരക്ഷിതവും തടസമില്ലാത്തതുമായ സര്‍വീസ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നതാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്. ആധാര്‍ യൂസര്‍മാര്‍ ബയോമെട്രിക്ക് ഓതന്റിക്കേഷന്‍ എന്റോള്‍മെന്റിന് മാത്രം ഇനി ആധാര്‍ സെന്റുകളില്‍ പോയാല്‍ മതി. നവംബറിലാണ് പുതിയ എന്റോള്‍മെന്റ് ആരംഭിക്കുക. അനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കി ആളുകളുടെ സമയം ലാഭിക്കുക കൂടി ഇതുവഴി ലക്ഷ്യം വയ്ക്കുന്നുണ്ട്. മാത്രമല്ല വ്യാജ രേഖ ചമയ്ക്കുന്നതിനും ഇതോടെ അറുതി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെരിഫൈ ചെയ്ത ഗവണ്‍മെന്റ് സോഴ്‌സുകളില്‍ നിന്നുള്ള നമ്മുടെ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ലഭിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തില്‍ നിന്നും ലഭിക്കും. മാത്രമല്ല എംഎന്‍ആര്‍ജിഎ സ്‌കീമിലെ റെക്കോര്‍ഡുകളും ലഭ്യമാവും. തീര്‍ന്നില്ല ഇലക്ട്രിസ്റ്റി ബില്‍ വിവരങ്ങളും അഡ്രസ് വെരിഫിക്കേഷനായി ഉപയോഗിക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും.
Content Highlights: e - adhaar app to launch soon says govt officials