
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയിലേക്കുള്ള ആഗോളവ്യാപനത്തിന്റെ ഭാഗമാകുകയാണ് ഇന്ത്യയും. അതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ പിന്തുണയുള്ള മള്‍ട്ടിമോഡല്‍ സോവറിന്‍ എഐ ഫ്‌ളാഗ്ഷിപ്പ് സംരംഭമായ ഭാരത്‌ജെൻന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) 988.6 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. 'എഐ ഇംപാക്ട് സമ്മിറ്റ് 2026' പരിപാടിയില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യപനത്തോടെ 1,500 കോടി രൂപയുടെ ഇന്ത്യാ എഐ മിഷന്‍ 2025ൻ്റെ മുന്‍നിര ഗുണഭോക്താവായി ഭാരത്‌ജെന്‍ മാറി. നിലവില്‍ 8 കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു ട്രില്യണ്‍ വരെ പാരാമീറ്ററുകളുള്ള ലാര്‍ജ് ലാംഗ്വേജ് മള്‍ട്ടിമോഡല്‍ നിര്‍മിക്കുക എന്നതാണ് ഈ ഫണ്ട് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ടെക്സ്റ്റ്-ടു-സ്പീച്ച്, സ്പീച്ച് റെക്കഗ്‌നിഷന്‍, വിഷന്‍-ലാംഗ്വേജ് ടൂളുകള്‍ തുടങ്ങിയ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിനും ഇത് സഹായകമാകും. കൃഷി, ഭരണം, ധനകാര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യയുടെ ആപ്പുകള്‍ക്കും ഇത് പ്രയോജനകരമാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
ഈ വര്‍ഷം ആദ്യം, ഭാരത്‌ജെന്‍ 2.9 ബില്യണ്‍ പാരാമീറ്ററുകളുള്ള ഒരു ദ്വിഭാഷാ എല്‍എല്‍എം ആയ പരം-1 തുടങ്ങിവച്ചിരുന്നു. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായിരുന്നു ഇത്. അടുത്ത ഘട്ടം ഇന്ത്യയിലെ എല്ലാ ഭാഷയിലും വ്യാപിക്കാനാണ് തീരുമാനം. ഭാരത്‌ജെന്‍ കണ്‍സോര്‍ഷ്യത്തില്‍ ഐഐടി ബോംബെ, ഐഐടി മദ്രാസ്, ഐഐഐടി ഹൈദരാബാദ്, ഐഐടി കാണ്‍പൂര്‍, ഐഐടി ഹൈദരാബാദ്, ഐഐടി മണ്ടി, ഐഐഎം ഇന്‍ഡോര്‍, ഐഐഐടി ഡല്‍ഹി, ഐഐടി ഖരഗ്പൂര്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ AI അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും ഭാരത്‌ജെന് സാധിക്കുമെന്ന് ഐഐടി ബോംബെ & പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ പ്രൊഫ. ഗണേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: bharatgen got rs 988 crore under india ai mission