
ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റിലെ അടിസ്ഥാനസൗകര്യങ്ങളിലെയും ഗതാഗത സംവിധാനങ്ങളിലെയും കേടുപാടുകൾ വാട്സ്ആപ് വഴി അറിയിക്കാൻ സൗകര്യം. മഹ്ബൂബ് ചാറ്റ്ബോട്ട് വഴിയാണ് ‘മദീനതീ’ എന്ന സേവനം ലഭ്യമാക്കുന്നത്. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് മഹ്ബൂബ് ചാറ്റ്ബോട്ട് വഴി അടിസ്ഥാനസൗകര്യങ്ങളിലെയും ഗതാഗത സംവിധാനങ്ങളിലെയും കേടുപാടുകൾ റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കുന്നത്.
റിപ്പോർട്ടിങ് എളുപ്പമാക്കുന്നതിനും കേടുപാടുകൾ വേഗത്തിൽ കണ്ടെത്താൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചിത്രങ്ങൾ നേരിട്ട് വാട്സ്ആപ് വഴി അയക്കാൻ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പോൾ തന്നെ ബന്ധപ്പെട്ട ആർടിഎ വകുപ്പുകളിലേക്ക് അയക്കുകയും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യും.
റിപ്പോർട്ടുകൾ സമർപ്പിക്കാനും നിർദേശങ്ങൾ നൽകാനും ഈ സംവിധാനം പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. വേഗത്തിൽ റിപ്പോർട്ടുകൾക്ക് മറുപടി നൽകാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിയെ സുസ്ഥിര-സ്മാർട്ട് നഗരമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ സൗകര്യം നടപ്പിലാക്കുന്നത്.
Content Highlights: Dubai launches WhatsApp reporting for infrastructure damage