ആപ്പിൾ സ്റ്റോറിൽ മുട്ടൻ അടി; മുംബൈയിൽ ഐഫോൺ വാങ്ങാൻ വന്നവർ തമ്മിൽ സംഘർഷം

ദേശീയ വാർത്താ ഏജൻസിയായ പിടിഐ അടക്കം ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്

ആപ്പിൾ സ്റ്റോറിൽ മുട്ടൻ അടി; മുംബൈയിൽ ഐഫോൺ വാങ്ങാൻ വന്നവർ തമ്മിൽ സംഘർഷം
dot image

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 17 വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. പതിവ് പോലെ നീണ്ട വരിയാണ് രാജ്യത്തെ വിവിധ ആപ്പിൾ സ്റ്റോറുകളിൽ ഉള്ളത്. പുലർച്ചെ മുതൽക്കെത്തന്നെ വരിനിൽക്കുന്നവരാണ് കൂടുതലും. ഇതിനിടെ മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുൻപിൽ ഐഫോൺ വാങ്ങാൻ വന്നവർ തമ്മിൽ അടിയുണ്ടായി എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

ബാന്ദ്രയിലെ ആപ്പിൾ സ്റ്റാറിന് മുൻപിലാണ് അടിയുണ്ടായത്. തർക്കം കലശലായപ്പോൾ സെക്യൂരിറ്റി ജീവനക്കാർ രണ്ട് പേരെ പിടിച്ചുമാറ്റുകയും ചിലരെ സ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു. എന്താണ് തർക്കത്തിന് കാരണമെന്നോ ആരാണ് തർക്കം തുടങ്ങിയത് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല. പെട്ടെന്നു തന്നെ അടി അവസാനിപ്പിക്കാൻ സുരക്ഷാ ജീവനക്കാർക്ക് കഴിയുകയും ചെയ്തിരുന്നു.

അല്പസമയം മുൻപാണ് ആപ്പിൾ ഐഫോൺ 17ന്റെ ഔദ്യോഗിക വില്പന ആരംഭിച്ചത്. പൂനെ, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകളിലാണ് ഇവ ലഭ്യമാകുക. ആപ്പിളിൻ്റെ ഔദ്യോ​ഗിക വെബ്‌സൈറ്റ് വഴിയും ഐഫോൺ 17 സീരീസിൻ്റെ വിൽപ്പനയുണ്ട്. ​ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ, ക്രോമ, വിജയ് സെയിൽസ്, ഇൻഗ്രാം മൈക്രോ ഇന്ത്യ പോലുള്ള മറ്റ് അംഗീകൃത ആപ്പിൾ റീട്ടെയിലർമാർ വഴിയും ആപ്പിളിൻ്റെ പുതിയ ഐഫോൺ 17 സീരീസുകൾ വാങ്ങാവുന്നതാണ്.

ഐഫോൺ 17ന്റെ അടിസ്ഥാന വില ഐഫോൺ 16 നെക്കാൾ കൂടുതലാണ്. എന്നാൽ ഐഫോൺ 17ൻ്റെ ബേസ് സ്റ്റോറേജ് 256GBയിൽ നിന്നാണ് ആരംഭിക്കുന്നത്. ഐഫോൺ 16ൻ്റെ ബേസ് സ്റ്റോറേജ് 128GBആയിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ആപ്പിൾ പുതിയ സീരീസിൽ ഒരുക്കിയിട്ടുണ്ട്. വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾക്കൊള്ളുന്ന ആപ്പിളിൻ്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെയാണ് ഐഫോൺ 17 പ്രോ എത്തുന്നത്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോൺ 17 പ്രോയിൽ ഉള്ളത്, അതേസമയം 17 പ്രോ മാക്സിന് അതേ സ്പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ആപ്പിൾ രൂപകൽപ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീൽഡ് 2 സ്‌ക്രീനുകൾക്ക് 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ഉപകരണങ്ങൾക്കും 3,000nits എന്ന പീക്ക് ഔട്ട്ഡോർ ലൈറ്റുമുണ്ട്.

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഐഫോൺ 17 സീരീസിൽ ലിക്വിഡ് ഗ്ലാസ് യൂസർ ഇന്റർഫേസും പുതിയ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളും കൊണ്ടുവരുന്നുണ്ട്. സന്ദേശങ്ങളിലെ തത്സമയ വിവർത്തനം, ഫേസ്ടൈം, ഫോൺ ആപ്പ്, നവീകരിച്ച വിഷ്വൽ ഇന്റലിജൻസ് കഴിവുകൾ, കോളുകൾക്കും സന്ദേശങ്ങൾക്കുമുള്ള പുതിയ സ്‌ക്രീനിംഗ് ഉപകരണങ്ങൾ എന്നിവ പോലുള്ള കൃത്രിമ ഇന്റലിജൻസ് (AI) സവിശേഷതകൾ ഉപയോക്താക്കൾക്ക് ഈ ഫോണുകളിൽ ലഭിക്കും.

ഐഫോൺ 17 സീരീസിൻ്റെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12ന് ആരംഭിച്ചിരുന്നു. വലിയ പ്രതികരണങ്ങളായിരുന്നു പ്രീ-ഓർഡറിൽ ആപ്പിളിൻ്റെ പുതിയ സീരീസിന് ലഭിച്ചത്. ഇതിൽ തന്നെ കോസ്മിക് ഓറഞ്ച് വേരിയന്റിലുള്ള ഐഫോൺ 17 പ്രോ മാക്സിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രീ-ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങി ഏതാണ്ട് മൂന്ന് ദിവസത്തിനകം തന്നെ ഈ നിറത്തിലുള്ള ഐഫോൺ 17 പ്രോ മാക്സിൻ്റെ സ്റ്റോക്ക് തീർന്നിരുന്നു.

സെപ്റ്റംബർ ഒമ്പതിനായിരുന്നു ഐഫോൺ 17 ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഐഫോൺ 17, ഐഫോൺ 17 പ്രൊ, ഐഫോൺ 17 പ്രൊ മാക്‌സ്, ഐഫോൺ 17 Air എന്നിങ്ങനെ നാല് കിടിലൻ മോഡലുകളാണ് ലോഞ്ചിൽ അവതരിപ്പിച്ചത്. ഒപ്പം ആപ്പിൾ വാച്ച് സീരീസ് 11, അൾട്രാ 3, SE 3, എയർപോഡ്സ് പ്രൊ 3, എന്നിവയും ഐഫോൺ 17നൊപ്പം ലോഞ്ച് ചെയ്തിരുന്നു.

Content Highlights: People fight outside apple store at mumbai, video surfaces

dot image
To advertise here,contact us
dot image