
ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നായ എയർടെൽ ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകുന്നു. എഐ അസിസ്റ്റന്റ് സെർച്ച് എഞ്ചിനാണ് പെർപ്ലെക്സിറ്റി. എഐ യുടെ സഹായത്തോടെ ഇതുവഴി ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാം. ജിപിടി 4.1, ക്ലോഡ് 4.0 സോണറ്റ് പോലുള്ള മുൻനിര എഐ മോഡലുകളാണ് ഇതിനായി കമ്പനി ഉപയോഗപെടുത്തിയിരിക്കുന്നത്.
ഗൂഗിൾ, ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ എഐ മോഡലുകളിലേതും പെർപ്ലെക്സിറ്റി പ്രോയ്‌ക്കൊപ്പം മാറി ഉപയോഗിക്കാം. ദിവസവും 300 എഐ സെർച്ചുകൾ നടത്താൻ പെർപ്ലെക്സിറ്റി എഐ ഉപയോഗിച്ച് സാധിക്കും. ഡോക്യുമെന്റുകളും ഫയലുകളും അപ് ലോഡ് ചെയ്ത് വിശകലനം ചെയ്യാം, സംഗ്രഹിക്കാം.
ടെക്‌സിറ്റിൽ നിന്നും ഇമേജിലേക്ക് മാറ്റുന്ന ജനറേറ്ററുകളും ഇതിൽ ലഭ്യമാണ്. 17000 രൂപയാണ് ഒരു വർഷത്തെ പെർപ്ലെക്സിറ്റി പ്രോ സബ്സ്‌ക്രിപ്ഷന് ആവശ്യം. എന്നാൽ എയർടെൽ താങ്ക്‌സ് ആപ്പ് വഴി നിലവിൽ ഇത് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. അവരുടെ എയർടെൽ താങ്ക്‌സ് ആപ്പിൽ 'Get 12 months of Perplexity Pro worth Rs 17,000 FREE' എന്ന ബാനർ കാണാം. അതിൽ ക്ലിക്ക് ചെയ്ത് പെർപ്ലെക്സിറ്റി വെബ്‌സൈറ്റിൽ സൈൻ അപ്പ് ചെയ്യുക. ഇതോടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും.
സാധാരണ ടെലികോം കമ്പനികൾ നെറ്റ്ഫ്‌ളിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ സബ്ക്രിപ്ഷനാണ് ബണ്ടിൽ ഓഫറായി വാഗ്ദാനം ചെയ്യാറ്. ഇത് ആദ്യമായാണ് ഒരു എഐ പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്ഷൻ ഒരു കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Content Highlights- Airtel to offer free 1-year Perplexity Pro subscription to its customers