
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് ഇത്. ഈ കാലത്ത് തൊഴിലുകളുടെ ഭാവിയെക്കുറിച്ച് പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക്നിക്കല്‍ ഗവേഷണ സ്ഥാപനമായ റീതിങ്ക്‌സിന്റെ റിസർച്ച് ഡയറക്ടർ ആദം ഡോർ. 2045 ആകുമ്പോഴേക്കും മനുഷ്യൻ ചെയ്യുന്ന ഭൂരിഭാഗം ജോലികളും എ ഐ ഏറ്റെടുക്കുമെന്നാണ് ആദം ഡോർ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്‌സിന്റെയും അതിവേഗ വളർച്ചയുടെ ഫലമായാണ് ഇത് സംഭവിക്കുക എന്നാണ് ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ആദം വ്യക്തമാക്കുന്നത്. മനുഷ്യരെക്കാൾ കാര്യക്ഷമമായി കുറഞ്ഞ ചിലവിൽ ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള യന്ത്രങ്ങളുടെ അതിവേഗ പരിണാമം ഇതിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും ആദം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു കയറ്റം നാം വിചാരിക്കുന്നത് പോലെ ദീർഘകാലങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന ഒന്നായിരിക്കില്ലെന്നും, ദ്രുതഗതിയിലുള്ള മാറ്റമായിരിക്കും സംഭവിക്കുക എന്നും ആദം അഭിമുഖത്തിൽ പറഞ്ഞു. ഒരിക്കൽ ലോകത്ത് ഒരു സാങ്കേതികവിദ്യ കാലുറപ്പിച്ചാൽ, അടുത്ത 15 മുതൽ 20 വർഷങ്ങൾക്കുള്ളിൽ നിലവിലുള്ള എല്ലാ സംവിധാനങ്ങൾക്കും പകരക്കാരനാകാൻ അതിന് കഴിയുമെന്നാണ് കഴിഞ്ഞ 1500 വർഷത്തെ ചരിത്രം പഠിച്ചാൽ നമുക്ക് മനസിലാവുക എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
വിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജോലികൾ, എല്ലാ ദിവസവും ഒരേ സ്വഭാവത്തിലുള്ള കാര്യങ്ങൾ ചെയ്യുന്ന ജോലികൾ ഇവയൊക്കെയാണ് ഏറ്റവുമധികം വെല്ലുവിളി നേരിടുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വെല്ലുവിളി ആഗോളതലത്തിലെ എല്ലാ വൈറ്റ് കോളർ ജോലികളെയും ബാധിക്കുമെന്നാണ് നിരീക്ഷണം. എഐ യന്ത്രങ്ങൾ മനുഷ്യരെക്കാൾ ചിലവ് കുറഞ്ഞവയും, കാര്യക്ഷമത കൂടുതലുള്ളവയുമായതിനാൽ അതിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാവും എന്നും എല്ലാ മേഖലയും കൈപ്പിടിയിലൊതുക്കാനാവുമെന്ന എന്നും ആദം പറഞ്ഞു.
എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വെല്ലുവിളിയിൽ ഉൾപ്പെടാത്ത ചില വിഭാഗങ്ങളുമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടുതൽ ബുദ്ധിയും വൈകാരികതയും ആവശ്യമായ ജോലികൾ, മനുഷ്യരുടെ വിശ്വസ്തത ആവിശ്യമായ ജോലികൾ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ചെയ്യാൻ കഴിയില്ല. രാഷ്ട്രീയം, ഫിലോസഫി തുടങ്ങിയവയൊക്കെ ഇതില്‍ പെടും.
ഈ പ്രശ്‌നങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷനേടണമെങ്കിൽ പുതിയ സാമ്പത്തിക മാതൃകകൾ സൃഷ്ടിക്കപ്പെടണമെന്നാണ് ആദം പറയുന്നത്. അതേസമയം മനുഷ്യരുടെ ആവശ്യങ്ങൾ യന്ത്രങ്ങൾ മടിയേതുമില്ലാതെ സാധിച്ച് തരുന്ന തരത്തിലുള്ള ഭാവിയാണ് അദ്ദേഹം മുന്നിൽ കാണുന്നത്. കൂടാതെ പുതിയ വെല്ലുവിളികൾ നേരിടുന്നതിന് അത്തരത്തിലുള്ള മുൻകരുതലുകളും ആവശ്യമാണെന്ന് ആദം വ്യക്തമാക്കി.
Content Highlight; AI Is Challenging the Future of Jobs prediction